ഇന്ന് ​സൺറൈസേഴ്സിനെതിരെ പോരാട്ടത്തിനിറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ചെന്നൈയ്ക്ക് ചിന്തിക്കാൻ പോലുമാകില്ല. 

ചെന്നൈ: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ജീവൻമരണ പോരാട്ടത്തിന് കച്ചമുറുക്കുകയാണ് ചെന്നൈ സൂപ്പർ കിം​ഗ്സ്. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ചെന്നൈ കടന്നുപോകുന്നത്. 8 മത്സരങ്ങൾ പൂർത്തിയായപ്പോൾ വെറും 2 ജയങ്ങൾ മാത്രം നേടാനേ ചെന്നൈയ്ക്ക് കഴിഞ്ഞിട്ടുള്ളൂ. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരാണ് ധോണിയും സംഘവും. 

ഇന്ന് ​സൺറൈസേഴ്സിനെതിരെ പോരാട്ടത്തിനിറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ധോണിയ്ക്ക് ചിന്തിക്കാൻ പോലുമാകില്ല. ഒരു തോൽവി കൂടി വഴങ്ങിയാൽ ടീം പ്ലേ ഓഫ് കാണാതെ പുറത്തുപോകേണ്ടി വരും. ഈ സാഹചര്യത്തിൽ ഒരു വജ്രായുധം തന്നെ ധോണി കാത്തുവെച്ചിട്ടുണ്ട്. 'ബേബി എബി' എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് ഇന്ന് ചെന്നൈയിൽ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പരിശീലകനായ സ്റ്റീഫൻ ഫ്ലെമിം​ഗും ഇതുമായി ബന്ധപ്പെട്ട സൂചന നൽകി കഴിഞ്ഞു. 

ഐപിഎൽ 2025 ലേലത്തിൽ വിൽക്കപ്പെടാതെ പോയ 21കാരനായ ബ്രെവിസിനെ പരിക്കേറ്റ ഗുർജപ്‌നീത് സിങ്ങിന് പകരക്കാരനായാണ് സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ ചെന്നൈ സ്വന്തമാക്കിയത്. ബ്രെവിസ് തന്റെ ഐ‌പി‌എൽ കരിയറിൽ 10 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 230 റൺസാണ് സമ്പാദ്യം. 2022, 2024 ഐപിഎൽ സീസണുകളിൽ ബ്രെവിസ് മുംബൈ ഇന്ത്യൻസിന് വേണ്ടി കളത്തിലിറങ്ങിയിരുന്നു. 

READ MORE: പഹൽഗാം ഭീകരാക്രമണം; പാകിസ്ഥാൻ സൂപ്പര്‍ ലീഗ് മത്സരങ്ങൾ ഒഴിവാക്കി ഡ്രീം ഇലവൻ