ഓപ്പണര്‍മാരായ ക്വിന്റൺ ഡി കോക്കും (1) സുനിൽ നരെയ്നും (0) ആദ്യ രണ്ട് ഓവറിനുള്ളിൽ തന്നെ മടങ്ങി.

മുംബൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 117 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 16.2 ഓവറിൽ 116 റൺസിന് എല്ലാവരും പുറത്തായി. ഒരു ഘട്ടത്തിൽ പോലും കൊൽക്കത്തയ്ക്ക് മുംബൈയെ ഭയപ്പെടുത്താനായില്ല. പോയവരും വന്നവരുമെല്ലാം ഒരുപോലെ ആയുധം വെച്ച് കീഴടങ്ങിയപ്പോൾ കൊൽക്കത്തയുടെ ഇന്നിംഗ്സ് 22 പന്തുകൾ ബാക്കി നിൽക്കെ അവസാനിക്കുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഓപ്പണര്‍മാരായ ക്വിന്റൺ ഡി കോക്കും (1) സുനിൽ നരെയ്നും (0) ആദ്യ രണ്ട് ഓവറിനുള്ളിൽ തന്നെ മടങ്ങിയതാണ് കൊൽക്കത്തയുടെ കൂട്ടത്തകര്‍ച്ചയിലേയ്ക്ക് നയിച്ചത്. മൂന്നാമനായെത്തിയ അജിങ്ക്യ രഹാനെ 11 റൺസുമായി മടങ്ങി. അംഗ്ക്രിഷ് സൂര്യവൻഷി 26 റൺസും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ മനീഷ് പാണ്ഡെ 19 റൺസും റിങ്കു സിംഗ് 17 റൺസും നേടി. വെങ്കടേഷ് അയ്യര്‍ (3), ആന്ദ്രെ റസൽ (5) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. 12 പന്തിൽ 22 റൺസ് നേടിയ രമൺദീപ് സിംഗിന്റെ അവസാന നിമിഷത്തെ പ്രകടനമാണ് കൊൽക്കത്തയെ മൂന്നക്കം കടത്തിയത്. 

അരങ്ങേറ്റ മത്സരത്തിൽ തന്നെ 4 വിക്കറ്റുകൾ വീഴ്ത്തിയ അശ്വനി കുമാറാണ് മുംബൈയുടെ താരം. അജിങ്ക്യ രഹാനെ, റിങ്കു സിംഗ്, മനീഷ് പാണ്ഡെ, ആന്ദ്രെ റസൽ എന്നിവരുടെ വിക്കറ്റുകളാണ് അശ്വനി കുമാര്‍ സ്വന്തമാക്കിയത്. 2 ഓവറിൽ 19 റൺസ് വഴങ്ങിയ ദീപക് ചഹര്‍ 2 വിക്കറ്റുകൾ നേടി. ട്രെൻഡ് ബോൾട്ട്, ഹര്‍ദ്ദിക് പാണ്ഡ്യ, വിഘ്നേഷ് പുത്തൂര്‍, മിച്ചൽ സാന്റനര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

READ MORE: ഇത് മുംബൈയുടെ 'പവര്‍ പ്ലേ'; വിക്കറ്റുകൾ നിലംപൊത്തി, വിയര്‍ത്ത് കൊൽക്കത്ത