സീസണില്‍ ഇതുവരെ ബിസിസിഐ ചില താരങ്ങള്‍ക്ക് നേരെ വടിയെടുത്തിട്ടുണ്ട്

ഐപിഎല്‍ പതിനെട്ടാം സീസണ്‍ അതിന്റെ ആദ്യ പകുതി പിന്നിടാനൊരുങ്ങുകയാണ്. അപ്രതീക്ഷിത തോല്‍വികള്‍, റെക്കോര്‍ഡുകള്‍ എന്നിവക്കെല്ലാം ടൂര്‍ണമെന്റ് സാക്ഷിയായി. ആരാധകരെ ത്രസിപ്പിക്കുന്ന തരത്തിലാണ് സീസണ്‍ മുന്നോട്ടുപോകുന്നത്. ഇതിനോടൊപ്പം ചില അനുസരണക്കേടുകള്‍ കാണിക്കുന്നവരും ടൂര്‍ണമെന്റിലുണ്ട്. ടൂര്‍ണമെന്റിന്റെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരും മോശം പെരുമാറ്റം കളത്തില്‍ പുറത്തെടുക്കുന്നവരും നിരവധിയാണ് ഇത്തവണ. സീസണില്‍ ഇതുവരെ ബിസിസിഐ ചില താരങ്ങള്‍ക്ക് നേരെ വടിയെടുത്തിട്ടുണ്ട്. ആരൊക്കെയെന്ന് പരിശോധിക്കാം.

കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴ ലഭിച്ചവരാണ് കൂടുതല്‍ പേരും. ഐപിഎല്ലിലെ ക്ലോസ് 12.6 പ്രകാരം 14 ഓവര്‍ പൂര്‍ത്തിയാക്കാൻ ഒരു ടീമിന് ഒരു മണിക്കൂറാണ് അനുവദിച്ചിട്ടുള്ളത്. തടസങ്ങളൊന്നും സംഭവിക്കാത്ത മത്സരമാണെങ്കില്‍ 20 ഓവര്‍ പൂര്‍ത്തിയാക്കാൻ 90 മിനുറ്റുകളാണുള്ളത്. 85 മിനുറ്റ് മത്സരത്തിനും അഞ്ച് മിനുറ്റ് ടൈം ഔട്ടും. ഇതില്‍ ടീമുകള്‍ പരാജയപ്പെടുകയാണെങ്കില്‍ നായകനായിരിക്കും പിഴ ലഭിക്കുക.

സഞ്ജു സംസാണിന്റെ അഭാവത്തില്‍ രാജസ്ഥാനെ നയിച്ച റിയാൻ പരാഗാണ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴ ലഭിച്ച നായകന്മാരിലൊരാള്‍. 12 ലക്ഷം രൂപയായിരുന്നു പിഴ. ചെന്നൈ സൂപ്പ‍ര്‍ കിംഗ്സിനെതിരായ മത്സരത്തിലായിരുന്നു പരാഗിന് പണികിട്ടിയത്.

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തില്‍ രാജസ്ഥാനെ നയിച്ചത് സഞ്ജുവായിരുന്നു. സഞ്ജുവിന് പിഴ ലഭിച്ചത് 25 ലക്ഷം രൂപയായിരുന്നു. സഞ്ജുവിന് മാത്രമല്ല ടീം അംഗങ്ങള്‍ക്കും ലഭിച്ചു. ആറ് ലക്ഷം രൂപവീതം.

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലാണ് ലക്നൗ സൂപ്പര്‍ ജയന്റ്സ് നായകൻ റിഷഭ് പന്തിനെ ബിസിസിഐ ശിക്ഷിച്ചത്. പന്തില്‍ നിന്നും ഈടാക്കിയത് 12 ലക്ഷം രൂപയായിരുന്നു. 

സീസണിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിലൊന്നായ മുംബൈ-ബെംഗളൂരു പോരില്‍ രജത് പാട്ടിദാറിനും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴയൊടുക്കേണ്ടി വന്നു.

ഇക്കാര്യത്തില്‍ മുംബൈ ഇന്ത്യൻസിന് ആദ്യമായി പിഴ ലഭിച്ചത് ഗുജറാത്തിനെതിരായ മത്സരത്തിലാണ്. 12 ലക്ഷമാണ് മുംബൈ നായകൻ ഹാ‍ര്‍ദിക്ക് പാണ്ഡ്യയ്ക്ക് കൊടുക്കേണ്ടി വന്നത്. ഇന്നലെ നടന്ന മുംബൈക്കെതിരായ മത്സരത്തിന് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് നായകൻ അക്സര്‍ പട്ടേലും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

കളത്തിലെ മോശം പെരുമാറ്റത്തിന് രണ്ട് താരങ്ങള്‍ക്കാണ് ബിസിസിഐ പിഴ നല്‍കിയത്. ഒന്ന് ലക്നൗ സൂപ്പര്‍ ജയന്റ്സ് താരം ദിഗ്വേഷ് രാത്തിക്കും മറ്റൊന്ന് ഗുജറാത്തിന്റെ മുതിര്‍ന്ന താരം ഇഷാന്ത് ശര്‍മയ്ക്കും. 13, 16, 19 മത്സരങ്ങളിലായിരുന്നു രാത്തിക്ക് പിഴ ലഭിച്ചത്. ബാറ്ററെ പുറത്താക്കിയ ശേഷം നോട്ട്ബുക്കിലെഴുതുന്ന തരത്തില്‍ രാത്തി നടത്തിയ ആഘോഷമാണ് പിഴയിലേക്ക് വഴിവെച്ചത്. ആദ്യം മാച്ച് ഫീയുടെ 25 ശതമാനവും രണ്ടാം തവണം 50 ശതമാനവും പിഴ നല്‍കേണ്ടി വന്നു. നിലവില്‍ മൂന്ന് ഡിമെറിറ്റുള്ള രാത്തിക്ക് സസ്പെൻഷൻ ലഭിക്കാനുള്ള സാധ്യതയും ഇതോടെ തുറന്നു.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലായിരുന്നു ഇഷാന്തിന് ശിക്ഷ ലഭിച്ചത്. മച്ച് ഫീയുടെ 25 ശതമാനമാണ് പിഴയായി നല്‍കേണ്ടി വന്നത്.