മഴ കാരണം മത്സരങ്ങൾ വൈകിയാൽ മത്സരം പുനരാരംഭിക്കുന്നതിനായി സമയക്രമങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

അഹമ്മദാബാദ്: ഐപിഎല്ലിൽ ഇന്ന് നിർണായകമായ രണ്ടാം ക്വാളിഫയർ മത്സരം നടക്കാനിരിക്കെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വില്ലനായി മഴ. ഇതോടെ മുംബൈ ഇന്ത്യൻസും പഞ്ചാബ് കിം​ഗ്സും തമ്മിൽ നടക്കേണ്ട മത്സരം തടസപ്പെട്ടു. താരങ്ങൾ കളത്തിലിറങ്ങിയതിന് പിന്നാലെയാണ് മഴയെത്തിയത്. ഇതോടെ പിച്ച് വീണ്ടും കവർ ചെയ്തു. 

അഹമ്മദാബാദിൽ മഴ കാരണം മത്സരം വൈകുകയാണെന്നും കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കണമെന്നും ഐപിഎൽ അധികൃതർ അറിയിച്ചു. മത്സരത്തിനായി ആരാധകർ ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മഴ കാരണം മത്സരങ്ങൾ വൈകിയാൽ മത്സരം പുന:രാരംഭിക്കുന്നതിനായി മാച്ച് ഒഫീഷ്യലുകൾ സമയക്രമങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. 5 ഓവർ വീതമുള്ള മത്സരമെങ്കിലും ആരംഭിക്കാനുള്ള പരമാവധി സമയം രാത്രി 11:56 ആണ്. 9.30നുള്ളിൽ മത്സരം ആരംഭിക്കാനായാൽ ഓവറുകൾ വെട്ടിച്ചുരുക്കില്ല.

അതേസമയം, മെയ് 20 മുതൽ നടക്കുന്ന എല്ലാ മത്സരങ്ങള്‍ക്കും ബിസിസിഐ പുതിയ സമയനിബന്ധന പ്രഖ്യാപിച്ചിരുന്നു. മോശം കാലാവസ്ഥ കാരണമോ മറ്റോ മത്സരങ്ങള്‍ വൈകിയാല്‍ ഒരു മണിക്കൂര്‍ കൂടി അധികമായി കാത്തിരിക്കാനാണ് ബിസിസിഐയുടെ നിര്‍ദേശം. ഇത് അനുസരിച്ച് 120 മിനിറ്റിന് ശേഷമേ മത്സരം റദ്ദാക്കാനോ മാറ്റിവയ്ക്കാനോ പാടുള്ളൂ. മുമ്പ് ഇത് ഒരു മണിക്കൂര്‍ മാത്രമായിരുന്നു. ഐപിഎല്‍ 2025 സീസണിൽ മാത്രമേ ഈ നിബന്ധന ബാധകമാകുകയുള്ളൂ. ഐപിഎല്ലിലെ പ്ലേ ഓഫ് മത്സരങ്ങൾക്ക് റിസര്‍വ് ദിനമില്ല.