അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മഴ, ടോസിട്ടെങ്കിലും ആദ്യ പന്തെറിയുന്നത് വൈകുന്നു
അഹമ്മദാബാദ്: ഐപിഎല്‍ 2025ല്‍ പഞ്ചാബ് കിംഗ്സ്- മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയര്‍ മഴ കാരണം വൈകുന്നു. ടോസ് വീണുകഴിഞ്ഞ് ഏഴരയോടെ മത്സരം ആരംഭിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മഴയെത്തുകയായിരുന്നു. ഇതോടെ ഇരു ടീമുകളിലെയും താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഡഗൗട്ടില്‍ നിന്ന് ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. അഹമ്മദാബാദില്‍ ഇന്നലെയും മഴയുണ്ടായിരുന്നു. ഇന്നും രാവിലെ പിച്ച് പൂര്‍ണമായും മൂടിയ നിലയിലായിരുന്നു.
നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. 'അല്‍പം മേഘങ്ങള്‍ നിറഞ്ഞ സാഹചര്യമാണ് അഹമ്മദാബാദിലുള്ളത്. ഇന്നലെ പിച്ച് മഴ കാരണം മൂടിയിരുന്നു. അതിനാല്‍ ഞങ്ങള്‍ ആദ്യം ബൗളിംഗ് തെരഞ്ഞെടുക്കുന്നു'- എന്നായിരുന്നു ശ്രേയസിന്‍റെ വാക്കുകള്‍. പരിക്കിന്‍റെ പിടിയിലായിരുന്ന സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തിയതായും ടോസ് വേളയില്‍ പഞ്ചാബ് നായകന്‍ വ്യക്തമാക്കി. അതേസമയം ബൗളിംഗ് ചെയ്യാന്‍ തന്നെയാണ് ഞങ്ങളും ആഗ്രഹിച്ചിരുന്നതെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ടോസിനിടെ പറഞ്ഞു. മുംബൈ നിരയില്‍ ഗ്ലീസണ് പരിക്കേറ്റതോടെ റീസ് ടോപ്‌ലി ഇലവനിലെത്തി.
പ്ലേയിംഗ് ഇലവനുകള്‍
പഞ്ചാബ് കിംഗ്സ്: പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, മാര്‍ക്കസ് സ്റ്റോയിനിസ്, ശശാങ്ക് സിംഗ്, അസ്മത്തുള്ള ഒമര്‍സായ്, കെയ്‌ല്‍ ജാമീസണ്‍, വിജയകുമാര്‍ വൈശാഖ്, അര്‍ഷ‌്‌ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹല്‍.
ഇംപാക്ട് സബ്: പ്രഭ്‌സിമ്രാന്‍ സിംഗ്, പ്രവീണ്‍ ദുബെ, സുയാഷ് ഷെഡ്‌ഗേ, സേവ്യര്‍ ബാര്‍ട്‌ലെറ്റ്, ഹര്‍പ്രീത് ബ്രാര്‍.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, ജോണി ബെയ്‌ര്‍സ്റ്റോ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്‍റ്‌നര്‍, രാജ് ബാവ, ട്രെന്‍ഡ് ബോള്‍ട്ട്, ജസ്‌പ്രീത് ബുമ്ര, റീസ് ടോപ്‌ലി.
ഇംപാക്ട് സബ്: അശ്വനി കുമാര്‍, കൃഷ്‌ണന്‍ ശ്രീജിത്ത്, രഘു ശര്‍മ്മ, റോബിന്‍ മിന്‍സ്, ബെവോണ്‍ ജേക്കബ്‌സ്.


