ബോൾട്ടും ബുമ്രയും ആഞ്ഞടിച്ചപ്പോൾ രാജസ്ഥാന്റെ ബാറ്റര്‍മാര്‍ ഒന്നിന് പുറകെ ഒന്നായി മടങ്ങി.
ജയ്പൂര്‍: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് ബാറ്റിംഗ് തകര്‍ച്ച. 218 എന്ന കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് പവര്‍ പ്ലേയിൽ തന്നെ 5 വിക്കറ്റുകൾ നഷ്ടമായി. 6 ഓവറുകൾ പിന്നിട്ടപ്പോൾ രാജസ്ഥാൻ 5ന് 62 റൺസ് എന്ന നിലയിലാണ്. ട്രെൻഡ് ബോള്‍ട്ടും ജസ്പ്രീത് ബുമ്രയും ദീപക് ചഹറുമാണ് വിക്കറ്റുകൾ വീഴത്തിയത്.
വലിയ പ്രതീക്ഷയുമായി ഇറങ്ങിയ 14കാരൻ വൈഭവ് സൂര്യവൻഷി നേരിട്ട രണ്ടാം പന്തിൽ തന്നെ റൺസ് നേടാതെ പുറത്തായത് രാജസ്ഥാന് കനത്ത തിരിച്ചടിയായി. രണ്ട് തകര്‍പ്പൻ സിക്സറുകൾ പറത്തി രാജസ്ഥാന് പ്രതീക്ഷ നൽകിയ യശസ്വി ജയ്സ്വാൾ (13) ട്രെൻഡ് ബോൾട്ട് എറിഞ്ഞ രണ്ടാം ഓവറിൽ തന്നെ മടങ്ങി. നിതീഷ് റാണയ്ക്കും (9) പിടിച്ചുനിൽക്കാനായില്ല. നായകൻ റിയാൻ പരാഗിന് 8 പന്തിൽ 16 റൺസ് നേടാനെ സാധിച്ചുള്ളൂ. റിയാൻ പരാഗ് മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ഷിമ്രോൺ ഹെറ്റ്മയറിനെ ബുമ്ര തൊട്ടടുത്ത പന്തിൽ തന്നെ പുറത്താക്കിയതോടെ രാജസ്ഥാന്‍റെ പകുതി ബാറ്റര്‍മാരും പവര്‍ പ്ലേയ്ക്ക് മുമ്പ് തന്നെ കൂടാരം കയറി.


