ശുഭ്‌മാന്‍ ഗില്‍ ഐപിഎല്‍ ചരിത്രത്തില്‍ പ്ലേഓഫ് മത്സരങ്ങളില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ബാറ്റര്‍മാരിലൊരാള്‍ 

മൊഹാലി: ഐപിഎല്‍ 2025ലെ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സ് കരുതിയിരിക്കണം, അങ്ങനെ പറയാനൊരു കാരണമുണ്ട്. എതിരാളികളായി കളത്തിലെത്തുന്ന ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നായകന്‍ ശുഭ്‌മാന്‍ ഗില്‍ ചില്ലറക്കാരനല്ല. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ എലിമിനേറ്റര്‍ മത്സരങ്ങളില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ബാറ്റര്‍മാരിലൊരാളാണ് ശുഭ്‌മാന്‍ ഗില്‍. 

മെയ് 30ന് മൊഹാലിയിലെ മുല്ലാന്‍പൂരിലാണ് ഗുജറാത്ത് ടൈറ്റന്‍സ്- മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ എലിമിനേറ്റര്‍ നടക്കുക. സീസണില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ പോയിന്‍റ് പട്ടികയില്‍ മൂന്നും നാലും സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമുകളാണ് ഇരുവരും. എലിമിനേറ്ററില്‍ തോല്‍ക്കുന്നവര്‍ ഫൈനല്‍ കാണാതെ പുറത്താവും. ജയിക്കുന്ന ടീമിന് പഞ്ചാബ് കിംഗ്സ്- റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഒന്നാം ക്വാളിഫയറില്‍ തോല്‍ക്കുന്ന ടീമുമായാണ് അടുത്ത അങ്കം. അതും ജയിച്ചാല്‍ മാത്രം ഫൈനല്‍ പ്രവേശനം. ഐപിഎല്‍ ചരിത്രത്തില്‍ ആറാം കിരീടമാണ് മുംബൈ ഇന്ത്യന്‍സ് സ്വപ്നം കാണുന്നതെങ്കില്‍ രണ്ടാം കപ്പുയര്‍ത്തുകയാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ലക്ഷ്യം. 

എലിമിനേറ്ററിന് മുമ്പ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ഏറ്റവും വലിയ പ്രതീക്ഷ അവരുടെ ഓപ്പണിംഗ് സഖ്യമായ സായ് സുദര്‍ശനും ക്യാപ്റ്റന്‍ ശുഭ്‌മാന്‍ ഗില്ലുമാണ്. ഇവരില്‍ ഗില്ലാവട്ടെ ഐപിഎല്‍ ചരിത്രത്തില്‍ തന്നെ പ്ലേഓഫ് മത്സരങ്ങളില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള താരങ്ങളിലൊരാളാണ്. 

ഐപിഎല്ലില്‍ പ്ലേഓഫ് മത്സരങ്ങളില്‍ ഏറ്റവുമധികം റണ്‍സുള്ളത് സിഎസ്‌കെയുടെ ചിന്നത്തല സുരേഷ് റെയ്‌നയ്ക്കാണ്. 24 ഇന്നിംഗ്‌സുകളില്‍ 155 സ്ട്രൈക്ക് റേറ്റില്‍ 714 റണ്‍സാണ് റെയ്നയുടെ നേട്ടം. രണ്ടാംസ്ഥാനത്ത് തല എം എസ് ധോണി. അതേസമയം മൂന്നാം സ്ഥാനത്തുണ്ട് ശുഭ്‌മാന്‍ ഗില്‍. ഗില്‍ ഇതുവരെ 10 പ്ലേഓഫ് ഇന്നിംഗ്‌സുകളില്‍ 145 പ്രഹരശേഷിയില്‍ 474 റണ്‍സ് നേടിക്കഴിഞ്ഞു. ഈ ഐപിഎല്‍ സീസണില്‍ 14 മത്സരങ്ങളില്‍ 54 ശരാശരിയിലും 156 സ്ട്രൈക്ക് റേറ്റിലും 649 റണ്‍സ് ഗില്ലിന് സമ്പാദ്യമായുണ്ട്. ഗുജറാത്ത് കപ്പടിച്ച ഐപിഎല്‍ 2022 ഫൈനലില്‍ ഗില്‍ 45 റണ്‍സുമായി പുറത്താവാതെ നിന്ന ്ടോപ് സ്കോററായി എന്നതാണ് ചരിത്രം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം