മെയ് 8ന് ചണ്ഡീഗഢിനടുത്ത് പാകിസ്ഥാൻ ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് ഡൽഹി - പഞ്ചാബ് മത്സരം റദ്ദാക്കിയത്. 

ദില്ലി: ഇന്ത്യ - പാകിസ്ഥാൻ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎൽ മത്സരങ്ങൾ ഒരിടവേളയ്ക്ക് ശേഷം പുന:രാരംഭിക്കാനൊരുങ്ങുകയാണ്. മെയ് 17ന് മത്സരങ്ങൾ പുന:രാരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ജൂൺ 3 നാണ് ഫൈനൽ നടക്കുക. ആറ് വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

മെയ് 8ന് ചണ്ഡീഗഢിനടുത്ത് പാകിസ്ഥാൻ ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് പഞ്ചാബ് കിംഗ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം റദ്ദാക്കിയിരുന്നു. ഇനി ഈ മത്സരം കാണാനാകുമോ എന്ന സംശയം രണ്ട് ടീമുകളുടെയും ആരാധകര്‍ക്കുണ്ട്. എന്നാൽ, സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് റദ്ദാക്കിയ പഞ്ചാബ് കിംഗ്‌സ് - ഡൽഹി ക്യാപിറ്റൽസ് മത്സരം മെയ് 24ലേക്ക് പുനഃക്രമീകരിച്ചിട്ടുണ്ട്. ധരംശാലയ്ക്ക് പകരം മത്സരം ജയ്പൂരിലായിരിക്കും നടക്കുക. 

മെയ് 17 ന് ബെംഗളൂരുവിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടത്തോടെ ലീഗ് പുന:രാരംഭിക്കും. ബെംഗളൂരു, ജയ്പൂർ, ഡൽഹി, ലഖ്‌നൗ, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് ഐപിഎല്ലിൽ അവശേഷിക്കുന്ന മത്സരങ്ങൾ നടക്കുക. ഒന്നാം ക്വാളിഫയർ മത്സരം മെയ് 29നും എലിമിനേറ്റർ മത്സരം മെയ് 30നുമാണ് നടക്കുക. രണ്ടാം ക്വാളിഫയർ ജൂൺ 1ന് നടക്കും. തുടർന്ന് ജൂൺ 3നാണ് ഫൈനൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. നാല് പ്ലേ ഓഫ് മത്സരങ്ങൾ ഉൾപ്പെടെ ആകെ 16 മത്സരങ്ങളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്.