അവസാന ലാപ്പില്‍ ഓടിക്കയറാൻ നാല് ടീമുകള്‍. രാജസ്ഥാൻ റോയല്‍സ്, പഞ്ചാബ് കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 67 മത്സരങ്ങള്‍ക്കൊടുവില്‍ പ്ലേ ഓഫിലെ മൂന്ന് സ്ഥാനങ്ങളില്‍ ചിത്രം തെളിഞ്ഞു. ലീഗ് ഘട്ടം അവസാനിക്കാൻ ഇനി മൂന്ന് മത്സരങ്ങള്‍ മാത്രം ബാക്കി. അവസാന ലാപ്പില്‍ ഓടിക്കയറാൻ നാല് ടീമുകള്‍. രാജസ്ഥാൻ റോയല്‍സ്, പഞ്ചാബ് കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്. സൂപ്പർ സണ്‍ഡേയില്‍ ചിത്രം പൂർണമാകും. പ്ലേ ഓഫ് സാധ്യതകള്‍ എങ്ങനെയെല്ലാം.

നാല് പേരില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സംഘം റിയാൻ പരാഗ് നയിക്കുന്ന രാജസ്ഥാൻ റോയല്‍സാണ്. 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുകള്‍. നെറ്റ് റണ്‍ റേറ്റ് 0.083. അവശേഷിക്കുന്ന ഏക മത്സരം പോയിന്റ് പട്ടികയില്‍ ഒൻപതാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസുമായാണ്. മറ്റൊരു ഫലവും ആശ്രയിക്കാതെ തന്നെ പ്ലേ ഓഫിലെത്താൻ കഴിയുന്ന ഏക ടീമാണ് രാജസ്ഥാൻ. ഞായറാഴ്ച നടക്കാനിരിക്കുന്ന മത്സരത്തില്‍ മുംബൈയെ പരാജയപ്പെടുത്തിയാല്‍ മാത്രം മതി. 16 പോയിന്റുകളുമായി പ്ലേ ഓഫിലേക്ക് ഡയറക്റ്റ് എൻട്രി ലഭിക്കും.
ഇനി മുംബൈയോട് പരാജയപ്പെട്ടന്നിരിക്കട്ടെ. ഇവിടെയും രാജസ്ഥാന് സാധ്യതകളുണ്ട്. പഞ്ചാബും കൊല്‍ക്കത്തയും അവസാന മത്സരങ്ങള്‍ ജയിക്കരുത്. 13 പോയിന്റില്‍ ഇതോടെ പഞ്ചാബിന്റെയും കൊല്‍ക്കത്തയുടേയും ടൂർണമെന്റ് അവസാനിക്കും. കൊല്‍ക്കത്തയുടെ അവസാന മത്സരം പ്ലേ ഓഫ് പോരിലുള്ള ഡല്‍ഹിയുമായാണ്. ഡല്‍ഹി ജയിച്ചാല്‍ രാജസ്ഥാനൊപ്പം 14 പോയിന്റാകും. പക്ഷേ, നെറ്റ് റണ്‍റേറ്റിന്റെ ആനുകൂല്യം രാജസ്ഥാനെ തുണയ്ക്കും.
പുറത്തായാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണ് പഞ്ചാബിനെ കാത്തിരിക്കുന്നത്. ആദ്യ ഏഴില്‍ ആറും ജയിച്ചവര്‍ പിന്നീട് രുചിച്ചത് പരാജയം മാത്രമാണ്. 13 പോയിന്റുള്ള പഞ്ചാബിന്റെ നെറ്റ് റണ്‍റേറ്റ് 0.227 ആണ്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ അവസാന മത്സരത്തില്‍ പരാജയപ്പെടുത്തിയാല്‍ സാധ്യത നിലനിര്‍ത്താൻ പഞ്ചാബിന് കഴിയും.
പക്ഷേ, രാജസ്ഥാൻ മുംബൈയോടും കൊല്‍ക്കത്ത ഡല്‍ഹിയോടും പരാജയപ്പെടേണ്ടതായും വരും. പഞ്ചാബിനൊപ്പം പോയിന്റുള്ള കൊല്‍ക്കത്ത ഡല്‍ഹിയെ കീഴടക്കിയാല്‍ നെറ്റ് റണ്‍റേറ്റായിരിക്കും നിര്‍ണായകമാകുക. പഞ്ചാബ് ലഖ്നൗവിനെ 20 റണ്‍സിന് പരാജയപ്പെടുത്തിയാല്‍ കൊല്‍ക്കത്തയുടെ വിജയം 65 റണ്‍സില്‍ താഴെ ആയിരിക്കണം.
ഇനി സമാനസാഹചര്യത്തിലുള്ള കൊല്‍ക്കത്ത. 13 പോയിന്റ്, നെറ്റ് റണ്‍റേറ്റ് 0.011. നേരത്തെ സൂചിപ്പിച്ചതുപോലെ ഡല്‍ഹിയുമായാണ് അവസാന മത്സരം. ഡല്‍ഹിയെ പരാജയപ്പെടുത്തണം എന്നതാണ് ആദ്യ കടമ്പ. ഇതിനൊപ്പം പഞ്ചാബ് ലഖ്നൗവിനോട് തോല്‍ക്കണം, രാജസ്ഥാൻ മുംബൈയോടും. പഞ്ചാബും കൊല്‍ക്കത്തയും ജയിക്കുകയും രാജസ്ഥാൻ പരാജയപ്പെടുകയുമാണെങ്കില്‍ നെറ്റ് റണ്‍റേറ്റായിരിക്കും കിങ് മേക്കര്‍. അതുകൊണ്ട് ഡല്‍ഹിക്കെതിരെ വിജയിക്കുകയാണെങ്കില്‍ അത് വലിയ മാര്‍ജിനില്‍ തന്നെയായിരിക്കണം.
പ്ലേ ഓഫ് പോരില്‍ ഏറ്റവും സാധ്യത കുറഞ്ഞ ടീമാണ് ഡല്‍ഹി. കാരണം നെറ്റ് റണ്‍റേറ്റാണ്. 12 പോയിന്റുള്ള ഡല്‍ഹിയുടെ നെറ്റ് റണ്‍റേറ്റ് -0.871 ആണ്. കൊല്‍ക്കത്തയാണ് എതിരാളികള്‍. പഞ്ചാബ് ലഖ്നൗവിനോട് തോല്‍ക്കണം, മുംബൈ രാജസ്ഥാനെ വലിയൊരു മാര്‍ജിനില്‍ പരാജയപ്പെടുത്തണം. ഇതിനെല്ലാം ഒപ്പം കുറഞ്ഞത് 200 റണ്‍സിന് മുകളില്‍ കൊല്‍ക്കത്തയെ മറികടക്കുകയും വേണം. ഏറെക്കുറെ അസാധ്യമായ ഒരു ദൗത്യമാണ് ഡല്‍ഹിക്ക് മുന്നിലുള്ളത്. കണക്കില്‍ മാത്രമാണ് സാധ്യത നിലനില്‍ക്കുന്നതും, അത്ഭുതങ്ങള്‍ സംഭവിക്കണമെന്ന് ചുരുക്കം.
ഐപിഎല്ലിന്റെ ക്വാളിഫയര്‍ ഒന്നില്‍ ബെംഗളൂരു ഗുജറാത്തിനെ നേരിടും, മേയ് 26നാണ് മത്സരം. എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സിനെ നേരിടൻ ആരെത്തുമെന്നാണ് കാത്തിരിപ്പ്. 29നാണ് ക്വാളിഫയര്‍ 2, ഫൈനല്‍ 31നും.


