കൊല്‍ക്കത്ത: ഐപിഎല്‍ 2020 താരലേലത്തില്‍ ടീമുകള്‍ സ്വന്തമാക്കാതിരുന്ന താരങ്ങളിലൊരാളാണ് യൂസഫ് പത്താന്‍. പ്രഹരശേഷിയുള്ള ബിഗ് ഹിറ്ററായിട്ടും മുപ്പത്തിയേഴുകാരനായ താരത്തെ സ്വന്തമാക്കാന്‍ ടീമുകളാരും താല്‍പര്യപ്പെട്ടില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കിയ യൂസഫിന് ഒരു കോടിയായിരുന്നു ലേലത്തില്‍ അടിസ്ഥാനവില.

താരലേലത്തില്‍ നിരാശപ്പെടുത്തിയ യൂസഫ് പത്താനെ ആശ്വസിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹോദരനും ഇന്ത്യന്‍ മുന്‍ താരവുമായ ഇര്‍ഫാന്‍ പത്താന്‍. 'ചെറിയ തിരിച്ചടികള്‍ നിങ്ങളുടെ കരിയറിനെ നിര്‍വചിക്കില്ല. കരിയറിനുടനീളം നിങ്ങള്‍ ഗംഭീരമായിരുന്നു. ശരിയായ മാച്ച് വിന്നര്‍. എന്നും സ്‌നേഹം മാത്രം'- ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ കുറിച്ചു. 

കഴിഞ്ഞ രണ്ട് സീസണുകളിലും മോശം പ്രകടനം പുറത്തെടുത്തതും പ്രായവുമാണ് യൂസഫിനെ സണ്‍റൈസേഴ്‌സ് ഒഴിവാക്കാന്‍ കാരണം. കഴിഞ്ഞ സീസണില്‍ 10 മത്സരങ്ങള്‍ കളിച്ച താരം 40 റണ്‍സ് മാത്രമാണ് അടിച്ചത്. 16 ആണ് ഉയര്‍ന്ന സ്‌കോര്‍. സീസണില്‍ ആറ് ബോളുകള്‍ മാത്രമെറിഞ്ഞ താരത്തിന് വിക്കറ്റ് വീഴ്‌ത്താനുമായില്ല. 2018ല്‍ 15 മത്സരങ്ങളില്‍ നിന്ന് 260 റണ്‍സും ഒരു വിക്കറ്റും മാത്രമാണ് യൂസഫ് പത്താന്‍ നേടിയത്. ഒരു അര്‍ധ സെഞ്ചുറിപോലും താരത്തിന് നേടാനുമായില്ല. 

ഐപിഎല്‍ താരലേലത്തില്‍ ഇക്കുറി യുവാക്കളെ ടീമിലെത്തിക്കാനായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ശ്രമം. വമ്പന്‍ പേരുകാരെ ടീമിലെടുക്കാന്‍ സണ്‍റൈസേഴ്‌സ് മുതിര്‍ന്നില്ല. മിച്ചല്‍ മാര്‍ഷ്, ഫാബിയന്‍ അലന്‍, വിരാട് സിംഗ്, പ്രിയം ഗാര്‍ഗ്, അബ്‌ദുള്‍ സമദ്, സഞ്ജയ് യാദവ്, ബവാനക സന്ദീപ് എന്നിവരെയാണ് താരലേലത്തില്‍ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. മാര്‍ഷിനായി ചിലവാക്കിയ രണ്ട് കോടിയാണ് ഈ താരലേലത്തില്‍ സണ്‍റൈസേഴ്‌സ് മുടക്കിയ ഉയര്‍ന്ന തുക.