2021ല്‍ ഇതേ തുകയ്‌ക്ക് വിഷ്‌ണുവിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയിരുന്നു

കൊച്ചി: ഐപിഎല്‍ മിനി താലലേലത്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്‌ണു വിനോദിനെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. 20 ലക്ഷം അടിസ്ഥാന വിലയ്‌ക്കാണ് മുംബൈ താരത്തെ ടീമിലെത്തിച്ചത്. 2021ല്‍ ഇതേ തുകയ്‌ക്ക് വിഷ്‌ണുവിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയിരുന്നു. 2017ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്‌‌ക്വാഡിന്‍റെ ഭാഗമായിരുന്നു വിഷ്‌ണു. അറ്റാക്കിംഗ് മിഡില്‍ ഓര്‍ഡര്‍ ബാറ്ററായ വിഷ്‌ണുവിനെ ഡെത്ത് ഓവറുകളില്‍ ഫിനിഷറായും ഉപയോഗിക്കാം.

വിഷ്‌ണു വിനോദിനെ മാറ്റിനിര്‍ത്തിയാല്‍ കേരളത്തിന് നിരാശയുടെ വാര്‍ത്തയാണ് ലേലത്തിന്‍റെ ആദ്യ ഘട്ടത്തിലുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി മിന്നും ഫോമിലുള്ള രോഹന്‍ കുന്നുമ്മലിനെ ഐപിഎല്‍ താരലേലത്തിന്‍റെ തുടക്കത്തില്‍ ടീമുകളാരും സ്വന്തമാക്കിയില്ല. ലേലത്തില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന കേരള താരമാണ് രോഹന്‍. 20 ലക്ഷമായിരുന്നു അടിസ്ഥാന വില. കെ എം ആസിഫ്, മുഹമ്മദ് അസ്‌ഹറുദ്ദീന്‍ എന്നിവരേയും ആരും സ്വന്തമാക്കാന്‍ ഇതുവരെ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. 

മറ്റ് ലേല വിവരങ്ങള്‍

ഇന്ത്യന്‍ സ്‌പിന്നര്‍ മായങ്ക് മര്‍ക്കാണ്ഡെയെ 50 ലക്ഷത്തിനും ഇംഗ്ലണ്ട് സ്‌പിന്നര്‍ ആദില്‍ റഷീദിനെ രണ്ട് കോടിക്കും സണ്‍റൈസേഴ്‌സ് സ്വന്തമാക്കി. വെറ്ററന്‍ പേസര്‍ ഇശാന്ത് ശര്‍മ്മ 50 ലക്ഷത്തിന് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തി. ഓസീസ് പേസര്‍ ജേ റിച്ചാര്‍ഡ്‌സണിനായി മുംബൈ ഇന്ത്യന്‍സ് 1.50 കോടി മുടക്കി. ഇംഗ്ലീഷ് താരങ്ങളായ റീസ് ടോപ്‌ലി 1.90 കോടിക്ക് ആര്‍സിബിയിലും ഫിലിപ് സാള്‍ട്ട് 2 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സിലുമെത്തി. മുജീബ് ഉര്‍ റഹ്‌മാന്‍, തബ്രൈസ് ഷംസി, ആദം സാംപ, ആക്കീല്‍ ഹെസൈന്‍, ആദം മില്‍നെ ക്രിസ് ജോര്‍ദാന്‍ എന്നിവരെ ആദ്യ ഘട്ടത്തില്‍ ടീമിലെത്തിക്കാന്‍ ആരുമുണ്ടായില്ല. 

2021ല്‍ 15 കോടി, ഇത്തവണ 1 കോടി; കെയ്‌ല്‍ ജാമീസണെ സിഎസ്‌കെ ചുളുവില്‍ സ്വന്തമാക്കിയതോ?