അപ്രതീക്ഷിത പിന്‍മാറ്റത്താല്‍ പകരക്കാരെ കണ്ടെത്താന്‍ പ്രയാസമാണെന്നും താരലേലത്തില്‍ കോടികള്‍ മുടക്കിയത് വെറുതെയാവുന്നു എന്നുമാണ് ടീമുകളുടെ പരാതി.
മുംബൈ: ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ താരങ്ങള്‍ പിന്‍മാറുന്നതില്‍ ടീം ഫ്രാഞ്ചൈസികള്‍ക്ക് അതൃപ്തി. ഇക്കാര്യത്തില്‍ ടീമുകള്‍ ബിസിസിഐക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. ഈസീസണിലെ ഐപിഎല്ലില്‍ നിന്ന് നാല് ഇംഗ്ലണ്ട് താരങ്ങള്‍ പിന്‍മാറിക്കഴിഞ്ഞു. ബെന്‍ സ്റ്റോക്സ്, ജേസണ്‍ റോയി, ഹാരി ബ്രൂക്ക്, മാര്‍ക്ക് വുഡ് എന്നിവരാണ് വ്യക്തിപരമായ കാരണങ്ങളാല്‍ ഐപിഎല്ലിന് ഇല്ലെന്ന് വ്യക്തമാക്കിയത്.
അപ്രതീക്ഷിത പിന്‍മാറ്റത്താല്‍ പകരക്കാരെ കണ്ടെത്താന്‍ പ്രയാസമാണെന്നും താരലേലത്തില്‍ കോടികള്‍ മുടക്കിയത് വെറുതെയാവുന്നു എന്നുമാണ് ടീമുകളുടെ പരാതി. അടുത്തിടെ ബ്രൂക്ക് പിന്മാറിയിരുന്നു. അതിന്റെ കാരണവും ഡല്‍ഹി കാപിറ്റല്‍സ് താരം വ്യക്തമാക്കിയിരുന്നു. മുത്തശ്ശിയുടെ മരണത്തെ തുടര്‍ന്നാണ് താന്‍ ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയതെന്നും, മുത്തശ്ശിയാണ് തന്റെ ക്രിക്കറ്റ് ജീവിതത്തിലും വ്യക്തിജീവിതത്തിലും ഏറ്റവുംകൂടുതല്‍ സ്വാധീനം ചെലുത്തിയതെന്നും ബ്രൂക് വ്യക്തമാക്കി.
മത്സരങ്ങള്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ടീമില്‍നിന്ന് പിന്‍മാറിയ ബ്രൂക്കിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇംഗ്ലണ്ട് താരത്തിന്റെ വിശദീകരണം. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള യാത്രാമധ്യേ മുത്തശ്ശിയുടെ മരണത്തെ തുടന്ന് ബ്രൂക്ക് ഇംഗ്ലണ്ട് ടീമില്‍ നിന്ന് പിന്‍മാറിയിരുന്നു. അബുദാബിയില്‍ എത്തിശേഷമാണ് ബ്രൂക്ക് നാട്ടിലേക്ക് തിരിച്ചുപോയത്.
അതേസമയം, ക്യാപ്റ്റന്‍ റിഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം പരിശീലനം തുടങ്ങി. 662 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് പന്ത് ഡല്‍ഹി ടീമില്‍ തിരിച്ചെത്തിയത്. 2022 ഡിസംബറിലുണ്ടായ കാറപകടത്തെ തുടര്‍ന്ന് പന്ത് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ ഡോക്ടര്‍മാര്‍ ഐപിഎല്ലില്‍ കളിക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് പന്ത് ഡല്‍ഹി ക്യാംപിലെത്തിയത്. ഈമാസം 23ന് പഞ്ചാബ് കിംഗ്‌സിനെതിരെയാണ് ഡല്‍ഹി കാപിറ്റല്‍സിന്റെ ആദ്യ മത്സരം.

