മുംബൈ: ഇന്ത്യന്‍ മുന്‍ നായകനും കോച്ചുമായിരുന്ന അനില്‍ കുംബ്ലെയെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് ഐപിഎല്‍ ക്ലബ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നോട്ടമിടുന്നതായി റിപ്പോര്‍ട്ട്. കിംഗ്‌സ് ഇലവന്‍ കുംബ്ലെയുമായി ചര്‍ച്ച നടത്തുന്നതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്‌തു. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ മൈക്ക് ഹെസനെ പുറത്താക്കിയ കിംഗ്‌സ് ഇലവന്‍ പുതിയ പരിശീലകനെ ഇതുവരെ നിയമിച്ചിട്ടില്ല. 

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ബോര്‍ഡ് അംഗങ്ങള്‍ അടുത്ത ദിവസം മുംബൈയില്‍ വെച്ച് കുംബ്ലെയുമായി കൂടിക്കാഴ്‌ച നടത്തുമെന്നും ടീം ഉടമകളായ മോഹിത് ബര്‍മന്‍, നെസ് വാദിയ, പ്രീതി സിന്‍റ എന്നിവര്‍ മീറ്റിംഗിനെത്തുമെന്നും മുംബൈ മിററിന്‍റെ റിപ്പോര്‍ട്ട് പറയുന്നു. കുംബ്ലെ ടീമിലെത്തിയാല്‍ കിംഗ്‌സ് ഇലവന്‍ ആര്‍ അശ്വിനെ നിലനിര്‍ത്താനിടയുണ്ട്. അശ്വിനെ എക്കാലത്തും പിന്തുണച്ചിരുന്നയാളാണ് അനില്‍ കുംബ്ലെ. അശ്വിനെ കൈമാറാന്‍ ഡല്‍ഹി ക്യാപിറ്റല്‍സുമായി കിംഗ്‌സ് ഇലവന്‍ ചര്‍ച്ചകളിലാണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഐപിഎല്ലില്‍ പരിശീലകറോളില്‍ കുംബ്ലെ പുതുമുഖമല്ല. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും മുംബൈ ഇന്ത്യന്‍സിനുമൊപ്പം ഉപദേശകനായി കുംബ്ലെക്ക് പ്രവര്‍ത്തിപരിചയമുണ്ട്. 2013 മുതല്‍ 2015 വരെ കുംബ്ലെ ഓപ്പമുണ്ടായിരുന്ന മൂന്ന് സീസണുകളില്‍ രണ്ടിലും(2013, 2015) മുംബൈ ഇന്ത്യന്‍സ് കീരിടം നേടിയിരുന്നു. എക്കാലത്തെയും മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളായ അനില്‍ കുംബ്ലെയെ 2015ല്‍ ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയിരുന്നു.