മുംബൈ: വരുന്ന ഐപിഎല്‍ സീസണില്‍ മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റമുണ്ടായേക്കും. പകല്‍ നടക്കുന്ന മത്സരങ്ങളുടെ എണ്ണം കുറയ്ക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്. നിലവില്‍ ശനി, ഞായര്‍ ദിവസങ്ങളിലാണ് പകല്‍ മത്സരങ്ങള്‍ നടക്കുന്നത്.

വൈകീട്ട് നാല് മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഈ സമയങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടാറുണ്ടെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. അത് താരങ്ങളെ ബാധിക്കുന്നുണ്ടെന്നും വാര്‍ത്തയുണ്ടായിരുന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് ബിസിസിഐയുടെ പുതിയ നീക്കം. 

എന്നാല്‍ ഈ നീക്കം ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കും. നിലവില്‍ 45 ദിവസങ്ങളിലായിട്ടാണ് ഐപിഎല്‍ നടക്കുന്നത്. പുതിയ സമ്പ്രദായം വരുന്നതോടെ 60 ദിവസം നീണ്ടുനില്‍ക്കുന്നതായിരിക്കും ടൂര്‍ണമെന്റ്. അങ്ങനെയെങ്കില്‍ അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 30 വരെയായിരിക്കും ഐപിഎല്‍.