ഡല്‍ഹിക്കെതിരായ സെഞ്ചുറിയോടെ സായ് സുദര്‍ശന്‍ ഐപിഎല്‍ ഓറഞ്ച് ക്യാപ്പ് പട്ടികയില്‍ ഒന്നാമതെത്തി. 617 റണ്‍സുമായി സായ് ഒന്നാമതെത്തിയപ്പോള്‍ 601 റണ്‍സുമായി ശുഭ്മാന്‍ ഗില്‍ രണ്ടാമത്.

മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ സെഞ്ചുറിയോടെ ഐപിഎല്‍ ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ ഒന്നാം സ്ഥാനത്തെത്തി ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശന്‍. ഇന്നലെ 61 പന്തില്‍ 108 റണ്‍സാണ് സായ് അടിച്ചെടുത്തത്. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സായ് 617 റണ്‍സാണ് ഇതുവരെ അടിച്ചെടുത്തത്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. 156.99 സ്‌ട്രൈക്ക് റേറ്റിലും 56.09 ശരാശരിയിലുമാണ് ഇത്രയും റണ്‍സ് അടിച്ചെടുത്തത്. പുറത്താവാതെ നേടിയ 108 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 

ഗുജറാത്തിന്റെ തന്നെ ശുഭ്മാന്‍ ഗില്ലാണ് രണ്ടാം സ്ഥാനത്ത്. സായിക്ക് 18 റണ്‍സ് പിറകിലാണ് ഗില്‍. 12 മത്സരങ്ങളില്‍ 601 റണ്‍സാണ് ഗില്‍ നേടിയത്. ഇന്നലെ ഡല്‍ഹിക്കെതിരെ പുറത്താവാതെ നേടിയ 93 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 60.10 ശരാശരിയും 115.696 സ്‌ട്രൈക്ക് റേറ്റും ഗില്ലിനുണ്ട്. ഡല്‍ഹി - ഗുജറാത്ത് മത്സരം തുടങ്ങുന്നതിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്‌സ്വാളായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാല്‍ ഗില്ലും സായിയും മുന്നോട്ട് വന്നതോടെ ജയ്‌സ്വാള്‍ മൂന്നാമതായി. 13 മത്സരങ്ങളില്‍ നിന്ന് 523 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ആറ് അര്‍ധ സെഞ്ചുറികള്‍ നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 75 റണ്‍സാണ്. 

മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് നാലാമത്. 12 മത്സരം പൂര്‍ത്തിയാക്കിയ താരം 510 റണ്‍സാണ് നേടിയത്. 58 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിരാട് കോലി മൂന്നാം സ്ഥാനത്ത്. 11 മത്സരങ്ങളില്‍ 505 റണ്‍സാണ് സമ്പാദ്യം. പുറത്താവാതെ നേടിയ 73 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഗുജറാത്തിന്റെ ജോസ് ബട്‌ലര്‍ 500 റണ്‍സുമായി ആറാമതുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കെ എല്‍ രാഹുല്‍ ഏഴാമതുണ്ട്. ഇന്നലെ ഗുജറാത്തിനെതിരെ സെഞ്ചുറി നേടിയ താരം ഇതുവരെ 11 മത്സരങ്ങളില്‍ നിന്ന് 493 റണ്‍സാണ് സ്വന്തമാക്കിയത്. 

പഞ്ചാബ് കിഗംസിന്റെ താരങ്ങളായ പ്രഭ്‌സിമ്രാന്‍ സിംഗ് (458), ശ്രേയസ് അയ്യര്‍ (435), ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നിക്കോളാസ് പുരാന്‍ (410) എന്നിവര്‍ യഥാക്രമം എട്ട് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഇറങ്ങുന്ന പുരാന് മുന്നോട്ട് കയറാനുള്ള അവസരമുണ്ട്.