ഓരോ ടീമുകളുടെയും ഇനിയുള്ള പ്ലേ ഓഫ് സാധ്യതകള്‍ എങ്ങനെയെന്ന് നോക്കാം.

ബെംഗലൂരു:ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു തുടര്‍ച്ചയായ അഞ്ചാം ജയം കുറിച്ചതോടെ പ്ലേ ഓഫ് സാധ്യതയും കുത്തനെ ഉയര്‍ന്നു. രാജസ്ഥാനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സും പ്ലേ ഓഫ് സാധ്യതകള്‍ വര്‍ധിച്ചപ്പോള്‍ ഡല്‍ഹിയുടെ സാധ്യത കുത്തനെ ഇടിഞ്ഞു. ഓരോ ടീമുകളുടെയും പ്ലേ ഓഫ് സാധ്യതകള്‍ എങ്ങനെയെന്ന് നോക്കാം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: 12 മത്സരങ്ങളില്‍ 18 പോയന്‍റും 1.428 നെറ്റ് റണ്‍റേറ്റുമുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് പ്ലേ ഓഫിലെത്തിയ ആദ്യ ടീം.നേരിയ പ്ലേ ഓഫ് പ്രതീക്ഷയുള്ള ഗുജറാത്ത് ടൈറ്റന്‍സിനെ ഇന്ന് കീഴടക്കിയാല്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ള കൊല്‍ക്കത്തക്ക് ഒന്നാം സ്ഥാനത്ത് തന്നെ ഫിനിഷ് ചെയ്യാന്‍ അവസരം ലഭിക്കും. ഇന്ന് ജയിച്ചാല്‍ 20 പോന്‍റിലെത്തുന്ന കൊല്‍ക്കത്തക്ക് ഒപ്പമെത്താന്‍ ഇനി രണ്ട് കളി ബാക്കിയുള്ള രാജസ്ഥാന്‍ റോയല്‍സിന് മാത്രമെ കഴിയു. നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്തയെക്കാള്‍ പിന്നിലാണെന്നത് രാജസ്ഥാന് ഒന്നാമന്‍മാരാവുന്നതിന് തടസമാണ്. 19ന് നടക്കുന്ന രാജസ്ഥാന്‍-കൊല്‍ക്കത്ത പോരാട്ടമാകും ആരാകും ഒന്നാമന്‍മാരെന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകുക.

രാജസ്ഥാന്‍ റോയല്‍സ്:കൊല്‍ക്കത്ത കഴിഞ്ഞാല്‍ 12 കളികളില്‍ 16 പോയന്‍റുള്ള രാജസ്ഥാന്‍ റോയല്‍സാണ് 98 ശതമാനം പ്ലേ ഓഫ് ഉറപ്പിച്ച രണ്ടാമത്തെ ടീം. തുടര്‍ച്ചയായി മൂന്ന് കളികളില്‍ തോറ്റ രാജസ്ഥാന് അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ തോറ്റാല്‍ പോലും 16 പോയിന്‍റുമായി പ്ലേ ഓഫ് കളിക്കാം. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ പിന്നിലായാല്‍ ടോപ് 2 ഫിനിഷ് സാധ്യമാവില്ല. പ്ലേ ഓഫിലെത്താതെ പുറത്തായ പഞ്ചാബ് കിംഗ്സും ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കൊല്‍ക്കത്തയുമാണ് രാജസ്ഥാന്‍റെ ഇനിയുള്ള എതിരാളികള്‍.രണ്ട് മത്സരങ്ങള്‍ രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലാണെന്നതും അനുകൂലമാണ്.

സണ്‍റൈസേഴ്സ് ഹൈദരാബാദ്: രാജസ്ഥാനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് വീണ്ടും മൂന്നാം സ്ഥാനത്ത് എത്തിയെങ്കിലും 12 കളികളില്‍ 14 പോയന്‍റുള്ള ഹൈദരാബാദിന് പ്ലേ ഓഫിലെത്താന്‍ ചെന്നൈയെക്കാൾ സാധ്യത നിലനില്‍ക്കുന്നു. രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ള ഹൈദരാബാദിന് 81 ശതമാനം പ്ലേ ഓഫ് സാധ്യതയുണ്ട്. അവസാന രണ്ട് മത്സരങ്ങളില്‍ പ്ലേ ഓഫിലെത്താതെ പുറത്തായ പ‍ഞ്ചാബ് കിംഗ്സും നേരിയ പ്ലേ ഓഫ് പ്രതീക്ഷയുള്ള ഗുജറാത്തുമാണ് എതിരാളികള്‍ എന്നതും ഹൈദരാബാദിന് അനുകൂല ഘടകമാണ്.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: പോയിന്‍റ് പട്ടികയില്‍ മൂന്നാമതാണെങ്കിലും ചെന്നൈ പ്ലേ ഓഫിലെത്താതെ പുറത്താവാന്‍ ഇപ്പോഴും സാധ്യതയുണ്ട്. അവസാന മത്സരം ചെന്നൈക്കും ആര്‍സിബിക്കും നോക്കൗട്ട് പോരാട്ടമാണ്. തോറ്റാലും നെറ്റ് റണ്‍റേറ്റിന്‍റെ നേരിയ മുന്‍തൂക്കം ചെന്നൈക്കുള്ളതിനാല്‍ പ്ലേ ഓഫിലെത്താന്‍ 65 ശതമാനം സാധ്യത അവശേഷിക്കുന്നു.13 മത്സരങ്ങളില്‍ 14 പോയന്‍റുമായി മൂന്നാം സ്ഥാനത്താണ് ചെന്നൈ.18ന് നടക്കുന്ന സിഎസ്കെ-ആര്‍സിബി പോരാട്ടം ആയിരിക്കും നിര്‍ണായകമാകുക.

ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്:ഹൈദരാബാദിനോട് വമ്പന്‍ തോല്‍വി വഴങ്ങിയതോടെ ലഖ്നൗവിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയേറ്റെങ്കിലും 12 കളികളില്‍ 12 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഏഴാമതുള്ള ലഖ്നൗവിന് ഇപ്പോഴും പ്ലേ ഓഫ് പ്രതീക്ഷയുണ്ട്. അവസാന രണ്ട് കളികളില്‍ ജയിച്ചാല്‍ ലഖ്നൗവിന് പ്ലേ ഓഫില്‍ പ്രതീക്ഷ വെക്കാമെങ്കിലും അതിനൊപ്പം ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആര്‍സിബി തോല്‍പ്പിക്കുകയും വേണം. ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സുമാണ് ലഖ്നൗവിന്‍റെ അവസാന രണ്ട് മത്സരങ്ങളിലെ എതിരാളികള്‍. രണ്ടും എവേ മത്സരങ്ങളാണെന്നതും ലഖ്നൗവിന് തിരിച്ചടിയാണ്.

ആര്‍സിബി: ആദ്യനാല് ടീമുകള്‍ കഴിഞ്ഞാല്‍ മാത്രമെ അത്ഭുതകുതിപ്പ് നടത്തുന്ന ആര്‍സിബിക്ക് പ്ലേ ഓഫ് സാധ്യതയുള്ളു. അഞ്ച് തുടര്‍ ജയങ്ങളുമായി 13 കളികളില്‍ 12 പോയന്‍റുള്ള ആര്‍സിബിക്ക് 20 ശതമാനം പ്ലേ ഓഫ് സാധ്യതയാണ് അവശേഷിക്കുന്നത്.18ന് നടക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ അവസാന മത്സരം ജയിക്കുകയും എതിരാളികളുടെ മത്സരഫലം അനുകൂലമാകുകയും ചെയ്താല്‍ മാത്രമെ ആര്‍സിബിക്ക് എന്തെങ്കിലും സാധ്യതയുള്ളു.നേരിയ പ്ലേ ഓഫ് പ്രതീക്ഷയുള്ള ഡല്‍ഹി ക്യാപിറ്റല്‍സ്,ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് എന്നിവരുടെ വെല്ലുവിളിയും ആര്‍സിബിക്കുണ്ട്.

ഡല്‍ഹി ക്യാപിറ്റല്‍സ്: ഇന്നലെ ആര്‍സിബിയോട് തോറ്റതോടെ 13 കളികളില്‍ 12 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ ഒറ്റ അക്കത്തിലേക്ക് ഇടിഞ്ഞു ഇന്നലെ തോറ്റതോടെ പ്ലേ ഓഫിലെത്താനുള്ള ഡല്‍ഹിയുടെ സാധ്യത ആറ് ശതമാനമായി കുറഞ്ഞു. ലഖ്നൗവിനെതിരായ അവസാന മത്സരം ജയിച്ചാൽ മാത്രം പോരാ, ചെന്നൈ സൂപ്പര്‍ കിംഗ്സും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സും ഇനിയുള്ള മത്സരങ്ങള്‍ തോല്‍ക്കുകയും ചെയ്താലെ ഡല്‍ഹിക്ക് നേരിയ സാധ്യതയെങ്കിലുമുള്ളു.

ഗുജറാത്ത് ടൈറ്റന്‍സ്:12 കളികളില്‍ 10 പോയന്‍റുള്ള ഗുജറാത്ത് ടൈറ്റന്‍സിനും ഇനിയെല്ലാം ജീവന്‍ മരണപ്പോരാട്ടങ്ങളാണ്. ചെന്നൈയെ വീഴ്ത്തിയതോടെ ഗുജറാത്തിന്‍റെ പ്ലേ ഓഫ് സാധ്യത നാല് ശതമാനമായി ഉയര്‍ന്നെങ്കിലും അവസാന രണ്ട് കളികളില്‍ ജയിക്കുകയും എതിരാളികളുടെ മത്സരഫലവും അനുകൂലമാകുകയും ചെയ്താലെ ഗുജറാത്ത് പ്ലേ ഓഫിലെത്തു. കരുത്തരായ കൊല്‍ക്കത്തയും ഹൈദരാബാദുമാണ് ഗുജറാത്തിന്‍റെ അവസാന മത്സരങ്ങളിലെ എതിരാളികളെന്നത് തിരിച്ചടിയാണ്.മുംബൈ ഇന്ത്യന്‍സും പ‍ഞ്ചാബ് കിംഗ്സുമാണ് ഓദ്യോഗികമായി പ്ലേ ഓഫിലെത്താതെ പുറത്തായ രണ്ട് ടീമുകള്‍.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക