ജഡേജയെ നിലനിര്‍ത്തുമോ അതോ ഒഴിവാക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമോ ഔദ്യോഗിക പ്രഖ്യാപനമോ ഇതുവരെ വന്നിട്ടില്ല

ചെന്നൈ: ഐപിഎല്ലില്‍ രവീന്ദ്ര ജഡേജയുടെ ഭാവി വലിയ ചോദ്യചിഹ്നമായിരുന്നു. ജഡ്ഡു കഴിഞ്ഞ സീസണില്‍ സിഎസ്‌കെയില്‍ സന്തുഷ്‌ടനായിരുന്നില്ലെന്നും ഈ വര്‍ഷം മിനി താരലേലം നടക്കുമെന്നതിനാല്‍ താരം ചെന്നൈ ടീം വിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ജഡേജയെ റിലീസ് ചെയ്യാനാവില്ലെന്ന് നായകന്‍ എം എസ് ധോണി സിഎസ്‌കെ മാനേജ്‌മെന്‍റിനെ അറിയിച്ചുകഴിഞ്ഞു. 

രവീന്ദ്ര ജഡേജയെ എന്ത് വിലകൊടുത്തും ടീമില്‍ നിലനിര്‍ത്തണം, ജഡേജയോളം ഇംപാക്ടുള്ള മറ്റൊരു താരമില്ല എന്നും ധോണി ടീം മാനേജ്മെന്‍റിനെ ബോധിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഐപിഎല്ലില്‍ കൊവിഡ് ഇടവേള കഴിഞ്ഞ് ഹോം മത്സരങ്ങള്‍ തിരിച്ചെത്തുകയാണ് എന്നതിനാല്‍ ജഡേജ ചെന്നൈയിലെ സാഹചര്യങ്ങള്‍ക്ക് ഉചിതമായ താരമാണെന്നും വിലയിരുത്തലുണ്ട്. ജഡേജയെ നിലനിര്‍ത്തുമോ അതോ ഒഴിവാക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമോ ഔദ്യോഗിക പ്രഖ്യാപനമോ ഇതുവരെ വന്നിട്ടില്ല. നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക സമ‍ര്‍പ്പിക്കാനുള്ള അവസാന തിയതി ഈ വരുന്ന നവംബര്‍ 15-ാം തിയതിയാണ്. 

2012ലാണ് രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തിയത്. ചെന്നൈക്കൊപ്പം രണ്ട് കിരീടം നേടി. എന്നാല്‍ 2022 സീസണോടെ താരവും ടീമും തമ്മിലുള്ള ബന്ധം വഷളായി. ഐപിഎല്‍ പതിന‌ഞ്ചാം സീസണിന്‍റെ പാതിവഴിയില്‍ ജഡേജയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കി മുന്‍ നായകന്‍ എം എസ് ധോണിയെ ചുമതല ഏല്‍പിച്ചിരുന്നു. ജഡേജയ്‌ക്ക് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ഈ മാറ്റം എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ഈ എഡിഷനില്‍ നാല് ജയം മാത്രമായി സിഎസ്‌കെ 9-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. 

എന്നാല്‍ രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പര്‍ കിംഗ്‌സും കഴിഞ്ഞ സീസണിന് ശേഷം നല്ല ബന്ധത്തിലല്ല എന്ന അഭ്യൂഹങ്ങള്‍ പിന്നാലെ പടര്‍ന്നു. ദീര്‍ഘനാള്‍ ക്യാപ്റ്റന്‍സി ഏല്‍പിക്കാത്തത് ജഡേജയെ ചൊടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ മുമ്പ് പുറത്തുവന്നിരുന്നു. സിഎസ്‌‌കെയില്‍ കളിച്ചപ്പോഴുള്ള ചിത്രങ്ങളെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് ജഡേജ നീക്കം ചെയ്തിരുന്നു. ചെന്നൈ ടീമിനെ അണ്‍ഫോളോ ചെയ്‌തതും വലിയ ചര്‍ച്ചയായിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് ധോണിയുടെ ഇടപെടല്‍ സംബന്ധിച്ച് ഇപ്പോള്‍ വാര്‍ത്ത പുറത്തുവരുന്നത്. 

ഇന്ത്യ-സിംബാബ്‌‌വെ പോരാട്ടം; മെല്‍ബണ്‍ പിച്ചില്‍ നിന്ന് എന്തെല്ലാം പ്രതീക്ഷിക്കാം, ട്വിസ്റ്റുണ്ടാകുമോ?