സഞ്ജുവിന് പുറമെ ഇംഗ്ലണ്ട് സൂപ്പര്‍താരം ജോസ് ബട്‌ലര്‍ യുവതാരം യശസ്വി ജയ്സ്വാള്‍ എന്നിവരെയാണ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്. ബട്‌ലറെക്കാള്‍ കൂടിയ തുകയ്ക്ക് സഞ്ജുവിനെ നിലനിര്‍ത്തിയ രാജസ്ഥാന്‍റെ നടപടിയാണ് പലരെയും അത്ഭുതപ്പെടുത്തിയത്.

ജയ്പൂര്‍: ഐപിഎല്ലില്‍ നിലനിര്‍ത്തിയ(IPL Retention) താരങ്ങളുടെ അന്തിമ പട്ടിക പുറത്തുവിട്ടപ്പോള്‍ പലരെയും അത്ഭുതപ്പെടുത്തിയത് രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals) 14 കോടി രൂപ നല്‍കി മലയാളി താരം സഞ്ജു സാംസണെ(Sanju Samson) നിലനിര്‍ത്തിയതായിരുന്നു. രാജസ്ഥാന്‍റെ ഒന്നാമത്തെ കളിക്കാരനായാണ് കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച സഞ്ജുവിനെ അവര്‍ നിലനിര്‍ത്തിയത്.

സഞ്ജുവിന് പുറമെ ഇംഗ്ലണ്ട് സൂപ്പര്‍താരം ജോസ് ബട്‌ലര്‍( Jos Buttler), യുവതാരം യശസ്വി ജയ്സ്വാള്‍(Yashasvi Jaiswal) എന്നിവരെയാണ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്. ബട്‌ലറെക്കാള്‍ കൂടിയ തുകയ്ക്ക് സഞ്ജുവിനെ നിലനിര്‍ത്തിയ രാജസ്ഥാന്‍റെ നടപടിയാണ് പലരെയും അത്ഭുതപ്പെടുത്തിയത്. സ‌ഞ്ജു രാജസ്ഥാന്‍ വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു ഒന്നാമത്തെ കളിക്കാരനായി രാജസ്ഥാന്‍ സഞ്ജുവിനെ ടീമിനൊപ്പം നിലനിര്‍ത്തിയത്.

എന്നാല്‍ രാജസ്ഥാൻ റോയൽസിന് സഞ്ജു സാംസണെ നിലനിർത്താൻ അധികം തലപുകയ്ക്കേണ്ടി വന്നില്ലെന്ന് വ്യക്തമാക്കുകയാണ് രാജസ്ഥാന്‍റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയ ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാര(Kumar Sangakkara). സഞ്ജുവിനെ രാജസ്ഥാൻ ദീർഘകാല നായകനായാണ് കാണുന്നതെന്നും ക്യാപ്റ്റനെന്ന നിലയില്‍ അതുകൊണ്ട് തന്നെ സഞ്ജുവിനെ നിലനിർത്തുന്നതിനെ കുറിച്ച് അധികം ചിന്തിക്കേണ്ടി വന്നില്ലെന്നും സംഗക്കാര പറഞ്ഞു.

അസാമാന്യ മികവുള്ള കളിക്കാരനാണ് സഞ്ജു. ഓരോ സീസണിലെയും മികച്ച പ്രകടനങ്ങള്‍കൊണ്ട് താന്‍ ടീമിന് വലിയ മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം തെളിയിച്ചുകൊണ്ടേയിരിക്കുന്നു.സംഗക്കാര പറഞ്ഞു. ഭാവിയിലെ സൂപ്പര്‍ താരമെന്ന നിലയിലാണ് യുവതാരം യശസ്വി ജയ്സ്വാളിനെ നിലനിര്‍ത്തിയതെന്നും സംഗക്കാര വ്യക്തമാക്കി.

ജോസ് ബട്‌ലറെപ്പോലൊരു കളിക്കാരന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ലോകം മുഴുവന്‍ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ടോപ് ഓര്‍ഡറിലും മധ്യനിരയിലുമെല്ലാം ഒരുപോലെ ബാറ്റ് ചെയ്യാന്‍ ബട്‌ലര്‍ക്കാവും. ബെന്‍ സ്റ്റോക്സിനെയും ജോഫ്ര ആര്‍ച്ചറെയും നിലനിര്‍ത്താന്‍ കഴിയാതിരുന്നത് നിരാശാജനകമാണെന്നും സംഗക്കാര വ്യക്തമാക്കി.