ദില്ലി: ഐപിഎല്ലിലെ ടീം മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ ആര്‍ അശ്വിനെ ഡൽഹി ക്യാപിറ്റല്‍സിലേക്ക് സ്വാഗതം ചെയ്ത് ടീം ഉപദേഷ്ടാവ് സൗരവ് ഗാംഗുലി. അശ്വിനെ പഞ്ചാബ് ടീം വിട്ടുനല്‍കിയാൽ ഡൽഹി ഏറെ സന്തുഷ്ടരാകുമെന്ന് ഗാംഗുലി പറഞ്ഞു. അതേസമയം അശ്വിനുമായി ഡല്‍ഹി ടീം ഉടന്‍ കരാറിലെത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

രണ്ട് സീസണിൽ അശ്വിന്‍ പ‍ഞ്ചാബ് ടീമിനെ നയിച്ചെങ്കിലും കിരീടം നേടാനായിരുന്നില്ല. അശ്വിനെ കൈമാറാന്‍ പഞ്ചാബ് ടീം ഉടമ പ്രീതി സിന്‍റ താത്പര്യപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നായകന്‍ കൂടിയായ അശ്വിനെ കൈമാറാന്‍ കിംഗ്‌സ് ഇലവന്‍ മറ്റ് രണ്ട് ടീമുകളുമായി ചര്‍ച്ചയിലാണ് എന്നായിരുന്നു ബാംഗ്ലൂര്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട്.

അശ്വിന് കീഴില്‍ കഴിഞ്ഞ സീസണ്‍ കിംഗ്‌സ് ഇലവന് നിരാശയാണ് സമ്മാനിച്ചത്. 14 മത്സരങ്ങളില്‍ ആറെണ്ണം മാത്രം ജയിച്ച ടീം പ്ലേ ഓഫ് കാണാതെ പുറത്തായപ്പോള്‍ ആറാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്. രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറുമായുള്ള മങ്കാദിങ് വിവാദത്തില്‍പ്പെട്ടും കഴിഞ്ഞ സീസണില്‍ അശ്വിന്‍ പുലിവാല്‍പിടിച്ചിരുന്നു.