കൊല്‍ക്കത്ത: ഐപിഎല്‍ താരലേലത്തില്‍ കൊല്‍ക്കത്ത സ്വന്തമാക്കിയ പ്രവീണ്‍ ടാംബെയ്ക്ക് വിലക്ക്. 2018ല്‍ ഷാര്‍ജ ടി10 ലീഗില്‍ കളിച്ചതിന്റെ പേരിലാണ് 48കാരനായ ടാംബെയെ ബിസിസിഐ വിലക്കിയത്. ബിസിസിഐ അനുമതിയില്ലാതെ വിദേശ ലീഗില്‍ കളിച്ചതിന്റെ പേരിലാണ് നടപടി.  2017ലാണ് ടാംബെ അവസാനമായി ഐപിഎല്ലില്‍ കളിച്ചത്.

ഇത്തവണ താരലേലത്തില്‍ പങ്കെടുത്ത ടാംബെയെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. 2017ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചശേഷമായിരുന്നു ടാംബെ ഷാര്‍ജ ടി10 ലീഗില്‍ കളിച്ചത്. എന്നാല്‍ പിന്നീട് വിരമിക്കല്‍ പിന്‍വലിച്ച് ടാംബെ മത്സരക്രിക്കറ്റില്‍ തിരിച്ചെത്തി. മുംബൈ ലീഗില്‍ കളിക്കുകയും ചെയ്തു. ബിസിസിഐ നിബന്ധന അനുസരിച്ച് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാത്ത താരങ്ങള്‍ക്ക് മറ്റ് ബോര്‍ഡുകള്‍ നടത്തുന്ന വിദേശ ലീഗുകളില്‍ കളിക്കാനാവില്ല.

ടാംബെയെ കളിക്കാന്‍ അനുവദിച്ചാല്‍ സമാനാമായി കളിച്ച മറ്റ് താരങ്ങളെയും ഇത്തരത്തില്‍ കളിക്കാന്‍ അനുവദിക്കേണ്ടിവരുമെന്നും ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ പറഞ്ഞു. ബിസിസിഐ അനുമതിയോടെ വിദേശത്ത് ഏകദിന, ത്രിദിന, ചതുര്‍ദിന മത്സരങ്ങള്‍ കളിക്കാന്‍ മാത്രമെ കളിക്കാര്‍ക്ക് പങ്കെടുക്കാനാവൂ എന്നും ബ്രിജേഷ് പട്ടേല്‍ പറഞ്ഞു.