ട്വന്‍റി 20 ക്രിക്കറ്റില്‍ അയർലന്‍ഡിനെതിരായ മുന്‍ റെക്കോർഡ് ടീം ഇന്ത്യക്ക് വലിയ പ്രതീക്ഷ സമ്മാനിക്കുന്നതാണ്

ഡബ്ലിന്‍: അയർലന്‍ഡിനെതിരെ രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക്(IRE vs IND T20Is) ടീം ഇന്ത്യ നാളെ തുടക്കമിടുകയാണ്. സീനിയർ താരങ്ങളുടെ നിര ടെസ്റ്റ് മത്സരത്തിനായി ഇംഗ്ലണ്ടിലായതിനാല്‍ പുതിയ നായകന്‍ ഹാർദിക് പാണ്ഡ്യയുടെ(Hardik Pandya) കീഴില്‍ യുവനിരയെയാണ് ഇന്ത്യ അയർലന്‍ഡിലേക്ക് അയച്ചിരിക്കുന്നത്. ഐപിഎല്ലിലെ തകർപ്പന്‍ ഫോമിലാണ് ഇന്ത്യന്‍ താരങ്ങളെല്ലാം. ഇതാണ് ഇന്ത്യന്‍ ടീമിന്‍റെ വലിയ കരുത്ത്. അയർലന്‍ഡിനെതിരായ മുന്‍ റെക്കോർഡും(IND vs IRE Head to Head) ഇന്ത്യക്ക് വലിയ പ്രതീക്ഷ സമ്മാനിക്കുന്നതാണ്. 

ഇന്ത്യയും അയർലന്‍ഡും മുമ്പ് മൂന്ന് ടി20 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയിട്ടുള്ളത്. മൂന്നിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു എന്നതാണ് സവിശേഷത. ബാറ്റിംഗിലും ബൗളിംഗിലും ഐപിഎല്‍ മികവ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കരുത്തേകുകയും ചെയ്യും. 

കരുത്ത് കാട്ടാന്‍ പാണ്ഡ്യപ്പട

പല സീനിയർ താരങ്ങളും ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലായതിനാല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ യുവനിരയാണ് ടീം ഇന്ത്യക്കായി അയർലന്‍ഡില്‍ അണിനിരക്കുന്നത്. ആദ്യ ടി20 നാളെ ഡബ്ലിനില്‍ ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് ആരംഭിക്കുക. ഹാര്‍ദിക്കിന് പുറമെ ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍, വിക്കറ്റ് കീപ്പര്‍ ബാറ്ററും ഫിനിഷറുമായ ദിനേശ് കാര്‍ത്തിക് എന്നിവര്‍ അന്തിമ ഇലവനിലെത്തുമെന്ന് ഉറപ്പ്. ടി20 ഫോര്‍മാറ്റില്‍ അപകടകാരിയായ സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ ഇറങ്ങാനാണ് സാധ്യത. സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ കളിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി എന്നിവരുടെ വെല്ലുവിളി മറികടക്കേണ്ടി വരും. 

ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം യുസ്‌വേന്ദ്ര ചഹലും സ്ഥാനം നിലനിര്‍ത്തിയേക്കും. അതിവേഗക്കാരന്‍ ഉമ്രാന്‍ മാലിക്കിനും ഡെത്ത് ഓവറുകളില്‍ കൃത്യതയോടെ പന്തെറിഞ്ഞ് ഐപിഎല്ലില്‍ താരമായ അര്‍ഷ്ദീപ് സിംഗിനും അരങ്ങേറ്റം അനുവദിക്കുമോയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രണ്ടാം ട്വന്റി 20 ചൊവ്വാഴ്ച നടക്കും.

അയർലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടി20 ടീം: ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.

SLW vs INDW : രണ്ടാം ടി20യിലും ഇന്ത്യന്‍ വനിതകള്‍ക്ക് തകർപ്പന്‍ ജയം; ശ്രീലങ്കയ്ക്കെതിരെ പരമ്പര