ബെല്‍ഫാസ്റ്റ്: ലോകകപ്പ് ക്രിക്കറ്റിനൊരുങ്ങുന്ന അഫ്ഗാനിസ്ഥാന് ഞെട്ടിപ്പിക്കുന്ന തോല്‍വി. അയര്‍ലന്‍ഡിനെതിരായ ആദ്യ ഏകദിനത്തിലാണ് അഫ്ഗാന് 72 റണ്‍സിന്റെ തോല്‍വി പിണഞ്ഞത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അയര്‍ലന്‍ഡ് 48.5 ഓവറില്‍ 210ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ സന്ദര്‍ശകര്‍ 35.4 ഓവറില്‍ 138ന് എല്ലാവരും പുറത്തായി. മാര്‍ക് അഡെയ്‌റിന്റെ നാല് വിക്കറ്റ് പ്രകടനം അയര്‍ലന്‍ഡിന്റെ വിജയത്തില്‍ നിര്‍ണായകമായി.

അഫ്ഗാനിസ്ഥാനായി 29 റണ്‍സ് നേടിയ അസ്ഗര്‍ അഫ്ഗാനാണ് ടോപ് സ്‌കോറര്‍. മുഹമ്മദ് നബി 27 റണ്‍സെടുത്തു. മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. അഡെയ്‌റിന് പുറമെ ബോയ്ഡ് റാങ്കിന്‍ മൂന്നും ടിം മുര്‍താഗ് രണ്ട് വിക്കറ്റും വീഴ്ത്തി. നേരത്തെ, പോള്‍ സ്റ്റിര്‍ലിങ് (71), വില്യം പോര്‍ട്ടര്‍ഫീല്‍ഡ് (53), കെവിന്‍ ഒബ്രിയാന്‍ (32) എന്നിവരുടെ ഇന്നിങ്‌സാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 

ദ്വാളത് സദ്രാന്‍, അഫ്താബ് ആലം എന്നിവര്‍ അഫ്ഗാനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. റാഷിദ് ഖാന് രണ്ട് വിക്കറ്റുണ്ട്. രണ്ട് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.