183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി സഞ്ജു സാംസണും അഭിഷേക് ശര്‍മയും ആദ്യ ഓവറില്‍ 16 റണ്‍സ് നേടി നല്ല തുടക്കം നല്‍കി.
ബെൽഫാസ്റ്റ്: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ലോക ചാമ്പ്യൻമാരായ ഇന്ത്യക്ക് 34 റണ്‍സിന്‍റെ ഞെട്ടിക്കുന്ന തോല്‍വി. അഭിഷേക് ശര്‍മയൊഴികെയുള്ള മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ18.5 ഓവറില്‍ 148 റണ്‍സിന് ഓള്‍ ഔട്ടായി. 20 പന്തില്‍ 50 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.. ശിവം ദുബെ 25 റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ 19ഉം അക്ഷര്‍ പട്ടേല്‍ 15ഉം റണ്‍സെടുത്തു.
മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റനായി അരങ്ങേറിയ ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും നിരാശപ്പെടുത്തിയപ്പോൾ അയര്‍ലന്‍ഡിനായി മാത്യു ഹോളാര്‍ഡും മാത്യു ഹംഫ്രീസും 3 വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഇന്ത്യൻ വംശജനായ ജയ് മൂന്ദ്ര രണ്ട് വിക്കറ്റും വീഴ്ത്തി തിളങ്ങി. ടി20 ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. പരിക്കുമൂലം അഞ്ചോളം മുൻനിര താരങ്ങളില്ലാതെ ഇറങ്ങിയാണ് ഐറിഷ് പട ഇന്ത്യയെ അട്ടിമറിച്ചതെന്നത് വിജയത്തിന്‍റെ തിളക്കം കൂട്ടുന്നു. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച നടക്കും. സ്കോര്‍ അയര്‍ലന്‍ഡ് 20 ഓവറില്‍ 182-9, ഇന്ത്യ 18.5 ഓവറില്‍ 148ന് ഓള്‍ ഔട്ട്.
തകര്‍ച്ചയോടെ തുടക്കം
183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി സഞ്ജു സാംസണും അഭിഷേക് ശര്‍മയും ആദ്യ ഓവറില്‍ 16 റണ്‍സ് നേടി നല്ല തുടക്കം നല്‍കി. എന്നാല്‍ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ സഞ്ജുവിനെ(5) ബൗൾഡാക്കിയ അയര്‍ലന്‍ഡിന്‍റെ അരങ്ങേറ്റക്കാരനായ ജയ് മൂന്ദ്ര ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. നാലാം ഓവറിലെ രണ്ടാം പന്തിൽ ഇഷാന്‍ കിഷനും(1) വീണെങ്കിലും അഭിഷേക് ശര്‍മ തകര്‍ത്തടിച്ചതോടെ ഇന്ത്യ നാലോവറില്‍ 57 റണ്‍സിലെത്തി. 15 പന്തില്‍ 46 റണ്‍സടിച്ച അഭിഷേക് ആയിരുന്നു പവര്‍ പ്ലേയില്‍ ഇന്ത്യയുടെ പ്രധാന സ്കോറര്‍. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ക്യാപ്റ്റൻ ശ്രേയസ് അയ്യരെ(7 പന്തില്‍ 3) മടക്കിയ മാത്യു ഹോളാര്‍ഡ് ഇന്ത്യയെ ഞെട്ടിച്ചു. പവര്‍ പ്ലേയില്‍ 3 വിക്കറ്റ് നഷ്ടമായെങ്കിലും 68 റണ്‍സടിച്ച ഇന്ത്യക്കായി തിലക് വര്‍മയും അഭിഷേക് ശര്‍മയും ചേര്‍ന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി.
എട്ടാം ഓവറില്‍ 19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ അഭിഷേക് ശര്‍മയും വീണു. 20 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സും പറത്തി 50 റണ്‍സെടുത്ത അഭിഷേകിനെ ലിയാം മക്കാര്‍ത്തിയാണ് പുറത്താക്കിയത്. തിലക് വര്‍മ ക്രീസില്‍ പിടിച്ചു നില്‍ക്കാൻ നോക്കിയെങ്കിലും 11-ാം ഓവറില്‍ മാത്യു ഹംഫ്രീസിന്‍റെ പന്തില്‍ മടങ്ങി. 21 പന്തില്‍ 19 റണ്‍സെടുത്ത തിലക് മൂന്ന് ബൗണ്ടറികള്‍ പറത്തി. പിന്നീടെത്തിയ വാഷിംഗ്ടണ്‍ സുന്ദറിനും ക്രീസില്‍ പിടിച്ചു നില്‍ക്കാനായില്ല. 12 പന്തില്‍ 9 റണ്‍സെടുത്ത സുന്ദര്‍ മടങ്ങുമ്പോള്‍ ഇന്ത്യ 12 ഓവറില്‍ 100 റണ്‍സിലെത്തിയതെ ഉണ്ടയിരുന്നുള്ളു.
അവസാന പ്രതീക്ഷയായിരുന്ന അക്ഷര്‍ പട്ടേല്‍-ശിവം ദുബെ സഖ്യം നാലോവറോളം ക്രീസില്‍ തുടര്‍ന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ പതിനാറാം ഓവറിലെ അവസാന പന്തില്‍ ശിവം ദുബെയെ(14 പന്തില്‍ 25) തകര്‍പ്പനൊരു റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കിയ ജയ് ജയ് മൂന്ദ്ര ഇന്ത്യയെ ഞെട്ടിച്ചു. അവസാവ നാലോവറില്‍ ജയിക്കാന്‍ 48 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. ശിവം ദുബെ പുറത്തായതിന് പിന്നാലെ പതിനേഴാം ഓവറിലെ അവസാന പന്തില്‍ അക്ഷര്‍ പട്ടേലിനെ(15) ഡെലാനി മടക്കിയതോടെ ഇന്ത്യയുടെ പ്രതീക്ഷയറ്റു. അയര്‍ലന്‍ഡിനായി മാത്യു ഹോളാര്‍ഡ് 28 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ മാത്യു ഹംഫ്രീസ് 38 റണ്‍സിന് 3 വിക്കറ്റും ജെയ് മൂന്ദ്ര 24 റണ്‍സിന് രണ്ട് വിക്കറ്റുമെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ അയര്‍ലന്‍ഡിന് ആഗ്രഹിച്ച തുടക്കമല്ല ലഭിച്ചത്. പവര്‍ പ്ലേയില്‍ തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി അയര്‍ലന്‍ഡ് 36-3ലേക്ക് വീണെങ്കിലും ഡെലാനിയും ടെക്ടറും ചേര്‍ന്ന 64 റണ്‍സ് കൂട്ടുകെട്ടാണ് അയര്‍ലന്‍ഡിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ടെക്ടര്‍ മടങ്ങിയശേഷം ഡെലാനിയും ഡോക്റെലും(19) ചേര്‍ന്ന് 49 റണ്‍സ് കൂട്ടുകെട്ടിലൂടെ അയര്‍ലന്‍ഡിനെ 17 ഓവറില്‍ 164-5 എന്ന ശക്തമായ നിലയിലെത്തിച്ചെങ്കിലും ഡോക്‌റെലിനെ മടക്കിയ അക്ഷര്‍ പട്ടേല്‍ കൂട്ടുകെട്ട് പൊളിച്ചതോടെ അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായ അയര്‍ലന്‍ഡ് 182 റണ്‍സിലൊതുങ്ങി.
