ബറോഡ: കോവിഡ് 19 മഹാമാരിയുടെ​ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്​ത ഐക്യദീപം തെളിയിക്കൽ ആഘോഷമാക്കാനായി പടക്കം പൊട്ടിച്ചവരെ വിമര്‍ശിച്ചതിന്റെ പേരില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കാരം ഇര്‍ഫാന്‍ പത്താനെതിരെ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ കമന്റുകള്‍. പടക്കം പൊട്ടിക്കുന്നതുവരെ എല്ലാം നന്നായിരുന്നു എന്ന പത്താന്റെ കമന്റിന് താഴെയാണ് ആളുകള്‍ വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയത്. 

വിദ്വേഷ കമന്റുകളുടെ സ്ക്രീന്‍ ഷോട്ട് എടുത്ത് ട്വീറ്റ് ചെയ്ത പത്താന്‍ ഞങ്ങള്‍ക്ക് ഫയര്‍ ട്രക്കുകള്‍ ആവശ്യമുണ്ട് നിങ്ങള്‍ക്ക് സഹായിക്കാമോ എന്നു ചോദിച്ചു. ഇന്ത്യക്കായി കളിച്ചിട്ടുളള ഒരു കളിക്കാരന്‍ അഭിപ്രായം പറഞ്ഞതിന് ഇത്രയും വിദ്വേഷം നേരിടുന്നുവെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്തായിരിക്കുമെന്ന് ചോദിച്ചു. നമുകക്കെല്ലാം ഒരുമിച്ച് നിന്ന് ഈ വിദ്വേഷത്തെ മറികടന്നുകൂടെ. യുക്തിബോധത്തോടെ ചിന്തിക്കാന്‍ നമുക്ക് ബോധപൂര്‍വം പരിശ്രമിച്ചുകൂടെ. ഈ ചോദ്യവും ഉപദേശവും എല്ലാവരോടുമായാണെന്നും പത്താന്‍ പറഞ്ഞു. 

അതേസമയം, വിദ്വേഷ പ്രചാരണത്തിനെതിരെ നിരവധി പേര്‍ പത്താന് പിന്തുണയുമായി എത്തിയിട്ടുണ്ട്. എന്നാല്‍ പിന്തുണച്ചവരോട് ആളുകള്‍ എന്തു പറയുന്നു എന്നത്  തനിക്ക് പ്രശ്നമല്ലെന്ന് പത്താന്‍ പറഞ്ഞു. കാരണം എന്നെ അറിയുന്നവര്‍ക്കറിയാം ഞാനെന്താണെന്ന്. പക്ഷെ ഈ വിദ്വേഷം പ്രചാരണം അവസാനിപ്പിക്കേണ്ടതുണ്ട് എന്നായിരുന്നു പത്താന്റെ മറുപടി. 

ലോക്ക് ഡൌണ്‍ കാലത്ത് ഭക്ഷണ സാധനങ്ങള്‍ കിട്ടാത്തവര്‍ക്കായി പത്താനും സഹോദരനും മുന്‍ ഇന്ത്യന്‍ താരവുമായ യൂസഫ് പത്താനും ചേര്‍ന്ന് ബറോഡയില്‍ 10000 കിലോ അരിയും 700 കിലോ ഉരുള കിഴങ്ങും വിതരണം ചെയ്തിരുന്നു. പടക്കം പൊട്ടിച്ചവര്‍ക്കെതിരെ ഇന്ത്യന്‍ താരങ്ങളായിരുന്ന ഗൌതം ഗംഭീറും ഹര്‍ഭജന്‍ സിംഗും രോഹിത് ശര്‍മയുമെല്ലാം നേരത്തെ രംഗത്തെത്തിയിരുന്നു.