ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്. മറുവശത്ത് വാലറ്റക്കാരോ ബൗളറോ അങഅനെ ആരെങ്കിലുമായിരുന്നെങ്കില്‍ ധോണി ചെയ്തത് എനിക്ക് മനസിലാവും. എന്നാൽ മറുവശത്തുണ്ടായിരുന്നതും ഇന്‍റര്‍നാഷണല്‍ താരമാണ്. രവീന്ദ്ര ജഡേജക്കെതിരെയും ഇപ്പോഴിതാ ഡാരില്‍ മിച്ചലിനെതിരെയും നിങ്ങളത് ചെയ്തു.
ചെന്നൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ചെന്നൈ ഇന്നിംഗ്സിലെ അവസാന ഓവറില്‍ സിംഗിള്‍ ഓടാതെ സ്ട്രൈക്ക് നിലനിര്‍ത്തിയ എം എസ് ധോണിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. അവസാന ഓവറില്‍ ധോണിയടിച്ച സിക്സിനെക്കുറിച്ച് ആരാധകര്‍ ഒരുപാട് പുകഴ്ത്തും. പക്ഷെ മിച്ചലിന് സിംഗിള്‍ നിഷേധിച്ചത് ഒരു ടീം ഗെയിമില്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഇര്‍ഫാന്‍ പത്താന്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു.
ധോണിക്ക് വലിയ ആരാധക പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ അവസാന ഓവറില്‍ ധോണിയടിച്ച സിക്സിനെക്കുറിച്ച് ആരാധകര്‍ പാടിപ്പുകഴ്ത്തും. എന്നാല്‍ ധോണി ഇന്നലെ പ്രതീക്ഷക്ക് ഉയര്‍ന്നില്ലെന്നത് വസ്തുതയാണ്. പ്രത്യേകിച്ച് അവസാന ഓവറില്‍ ഡാരില്‍ മിച്ചലിന് സിംഗിള്‍ നിഷേധിച്ച് സ്ട്രൈക്ക് നിലനിര്‍ത്തിയ ധോണിയുടെ നടപടി ഒരിക്കലും അംഗീകരിക്കാനാവില്ല. ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്. മറുവശത്ത് വാലറ്റക്കാരോ ബൗളറോ ആയിരുന്നെങ്കില്‍ ധോണി ചെയ്തത് എനിക്ക് മനസിലാവും. എന്നാൽ മറുവശത്തുണ്ടായിരുന്നതും ഇന്‍റര്‍നാഷണല്‍ താരമാണ്. രവീന്ദ്ര ജഡേജക്കെതിരെയും ഇപ്പോഴിതാ ഡാരില്‍ മിച്ചലിനെതിരെയും നിങ്ങളത് ചെയ്തു. അത് ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും പത്താന്‍ പറഞ്ഞു.
ഹൈദരാബാദിന്‍റെ പേടിസ്വപ്നമായി സഞ്ജു, കോലി പോലും പിന്നിൽ; അമ്പരപ്പിക്കുന്ന കണക്കുകൾ
പത്തൊമ്പതാം ഓവര്‍ എറിയാന്‍ രാഹുല്‍ ചാഹറിനെ പന്തേല്‍പ്പിച്ച പഞ്ചാബ് കിംഗ്സ് നായകന്‍ സാം കറന്‍റെ തീരുമാനം കളിയില്‍ നിര്‍ണായകമായെന്നും പത്താന്‍ പറഞ്ഞു. അവസാന രണ്ടോവറില്‍ ധോണിയുള്ളപ്പോള്‍ 30 റണ്‍സെങ്കിലും നേടാന്‍ ചെന്നൈക്ക് കഴിയുമായിരുന്നു. എന്നാല്‍ ധോണിയെ അടിച്ചു തകര്‍ക്കാന്‍ ചാഹര്‍ അനുവദിച്ചില്ല. അവസാന ഓവറില്‍ അര്‍ഷ്ദീപിനെതിരെ ഒരു സിക്സ് ധോണി പറത്തിയെങ്കിലും ആ ഓവറിലും പഞ്ചാബ് ബൗളര്‍മാര്‍ ധോണിയെ പൂട്ടിയെന്നും സ്പിന്നര്‍മാര്‍ക്കെതിരെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ധോണി റണ്ണടിക്കാന്‍ പാടുപെടുകയാണെന്നും പത്താന്‍ പറഞ്ഞു.
അവസാന ഓവര്‍ എറിയാനെത്തിയ അര്‍ഷ്ദീപ് സിംഗെറിഞ്ഞ മൂന്നാം പന്തില്‍ ധോണി പന്ത് ബൗണ്ടറിയിലേക്ക് അടിച്ചെങ്കിലും സിംഗിള്‍ ഓടിയില്ല. എന്നാല്‍ ഈ സമയം നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ഡാരില്‍ മിച്ചല്‍ സിംഗിളിനായി ഓടി ധോണിക്ക് അരികിലെത്തി. മിച്ചലിനെ ധോണി തിരിച്ചയച്ചതോടെ തിരിഞ്ഞോടിയ മിച്ചല്‍ വീണ്ടും നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെത്തി. അതിനിടെ എത്തിയ വൈഡ് ത്രോയില്‍ മിച്ചല്‍ റണ്ണൗട്ടില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മിച്ചല്‍ രണ്ട് റണ്‍ ഓടിപൂര്‍ത്തിയാക്കിയിട്ടും ധോണി ക്രീസില്‍ അനങ്ങാതെ നിന്നതാണ് വിമര്‍ശനത്തിന് കാരണമായത്.
