അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ തോല്‍വിയില്‍ ഇന്ത്യന്‍ ടീമിനെ ട്രോളിയ പാക് ആരാധകർക്ക് വായടപ്പിക്കുന്ന മറുപടിയുമായി ഇർഫാന്‍ പത്താന്‍
മുംബൈ: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന്‍റെ ഫൈനലില്‍ ഇന്ത്യന്‍ ടീം ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. ഐസിസി വേദിയില്‍ കലാശക്കളിയില്‍ കങ്കാരുക്കളോട് ടീം ഇന്ത്യയുടെ തുടർച്ചയായ മൂന്നാമത്തെ തോല്‍വിയാണിത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും പുരുഷ ഏകദിന ലോകകപ്പ് ഫൈനലിലും പിന്നാലെയാണ് അണ്ടർ 19 ലോകകപ്പിലും ഇന്ത്യ പരാജയം രുചിച്ചത്. ഇതോടെ ഇന്ത്യയെ ട്രോളി പാക് ആരാധകർ സാമൂഹ്യമാധ്യമങ്ങളില്‍ ആഘോഷിക്കുകയാണ്. ഇതിന് വായടപ്പിക്കുന്ന സ്റ്റൈലില്‍ മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ഇർഫാന്‍ പത്താന്‍.
അവരുടെ അണ്ടർ 19 ക്രിക്കറ്റ് ടീം ഫൈനലിലെത്തിയില്ലെങ്കിലും അവിടുത്ത കീബോർഡ് പോരാളികള്‍ ഇന്ത്യന്‍ യുവനിരയുടെ പരാജയത്തില്‍ ആഹ്ളാദം കൊള്ളുകയാണ്. ആ രാജ്യത്തിന്‍റെ മനസാക്ഷിയാണ് ഈ നെഗറ്റീവ് മനോഭാവത്തിലൂടെ പ്രതിഫലിക്കുന്നത് എന്നുമാണ് കുറിക്കുകൊള്ളുന്ന ഇർഫാന്‍ പത്താന്‍റെ ട്വീറ്റ്. ഇന്ത്യ ഫൈനല്‍ കളിച്ചപ്പോള്‍ പാകിസ്ഥാന്‍ സെമിയില്‍ പുറത്തായിരുന്നു. നിലവിലെ ചാമ്പ്യന്‍മാർ കൂടിയായിരുന്ന ഇന്ത്യ സെമിയില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയപ്പോള്‍ ഓസ്ട്രേലിയയോട് തോല്‍വി വഴങ്ങുകയായിരുന്നു പാകിസ്ഥാന്‍.
എന്നാല്‍ കലാശപ്പോരില്‍ ഇന്ത്യക്ക് കാലിടറി. ഫൈനലില്‍ ഇന്ത്യയെ 79 റണ്‍സിന് തോല്‍പ്പിച്ച് ഓസ്ട്രേലിയ മൂന്നാം കിരീടം ഉയർത്തി. ഓസ്ട്രേലിയ വച്ചുനീട്ടിയ 254 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കം മുതല്‍ അടിതെറ്റിയ ഇന്ത്യ 43.5 ഓവറില്‍ 174 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ആദർശ് സിംഗ് 47 ഉം മുരുഗന്‍ അഭിഷേക് 42 ഉം റണ്‍സെടുത്തപ്പോള്‍ അർഷിന്‍ കുല്‍ക്കർണി 3നും മുഷീർ ഖാന്‍ 22നും ക്യാപ്റ്റന്‍ ഉദയ് സഹാറന്‍ 8നും സച്ചിന്‍ ദാസും പ്രിയാന്‍ഷു മോളിയയും 9 റണ്‍സിനും ആരവെല്ലി അവനിഷ് പൂജ്യത്തിനും പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.