Asianet News MalayalamAsianet News Malayalam

ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്; ഒടുവില്‍ മൗനം വെടിഞ്ഞ് ഇഷാന്‍ കിഷന്‍

സെലക്‌‌ടര്‍മാര്‍ക്ക് എന്നില്‍ വിശ്വാസം വരുമ്പോള്‍ തീര്‍ച്ചയായും ടീമിലുള്‍പ്പെടുത്തും എന്നും ഇഷാന്‍ കിഷന്‍

Ishan Kishan breaks silence after excluded from Team India Asia Cup 2022 squad
Author
Mumbai, First Published Aug 13, 2022, 10:24 AM IST

മുംബൈ: ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്ന് പുറത്തായതില്‍ മൗനം വെടിഞ്ഞ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. ഇന്ത്യന്‍ ടീമിലേക്ക് ശക്തമായി തിരിച്ചെത്താനാകും എന്ന ശുഭ പ്രതീക്ഷയിലാണ് താരം. രോഹിത് ശര്‍മ്മ നയിക്കുന്ന 15 അംഗ സ്‌ക്വാഡിലാണ് ഇഷാന്‍ ഇടംപിടിക്കാതിരുന്നത്. 

'സെലക്‌ടര്‍മാര്‍ ചെയ്തത് സത്യസന്ധമായ കാര്യമാണ് എന്നാണ് എന്‍റെ വിശ്വാസം. ആര്‍ക്ക്, എപ്പോള്‍ അവസരം നല്‍കണം എന്ന കാര്യത്തില്‍ അവര്‍ കാര്യമായ ആലോചനകള്‍ നടത്തിയിട്ടുണ്ട്. ടീമില്‍ ഇടംപിടിക്കാന്‍ കഴിയാതെ പോയതിനെ പോസിറ്റീവായാണ് കാണുന്നത്. ഞാന്‍ കഠിന പരിശ്രമം നടത്തുകയും കൂടുതല്‍ റണ്‍സ് കണ്ടെത്തുകയും ചെയ്യും. സെലക്‌‌ടര്‍മാര്‍ക്ക് എന്നില്‍ വിശ്വാസം വരുമ്പോള്‍ തീര്‍ച്ചയായും ടീമിലുള്‍പ്പെടുത്തും' എന്നും ഇഷാന്‍ കിഷന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറ‌ഞ്ഞു. 

2022ല്‍ സ്ഥിരതയില്ലാത്ത പ്രകടനമാണ് ഇഷാന്‍ കിഷന്‍ കാഴ്‌ചവെച്ചത്. 30.71 ശരാശരിയില്‍ 430 റണ്‍സാണ് ഇഷാന്‍ നേടിയത്. മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയപ്പോള്‍ 89 ആണ് ഉയര്‍ന്ന സ്‌കോര്‍. ടി20 ഫോര്‍മാറ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെയാണ് ഇഷാന്‍ കിഷന്‍ അവസാനമായി കളിച്ചത്. 13 പന്തില്‍ 11 റണ്‍സ് മാത്രമേ നേടിയുള്ളൂ. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 15.5 കോടി രൂപ എന്ന മോഹവിലയില്‍ ഇഷാനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയാതെ പോയ താരം 14 ഇന്നിംഗ്‌സില്‍ മൂന്ന് അര്‍ധ സെഞ്ചുറികളോടെ 418 റണ്‍സേ നേടിയുള്ളൂ. 

ഇഷാന്‍ കിഷന്‍ പുറത്തായപ്പോള്‍ കെ എല്‍ രാഹുല്‍ പരിക്കിന്‍റെ നീണ്ട ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയതാണ് ശ്രദ്ധേയം. മെയ് മാസത്തിലെ ഐപിഎല്ലിന് ശേഷം രാഹുല്‍ മത്സര ക്രിക്കറ്റ് കളിച്ചിരുന്നില്ല. വിരാട് കോലിയും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തി. ഇഷാനൊപ്പം മറ്റൊരു യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണിനേയും സ്‌ക്വാഡില്‍ നിന്ന് തഴഞ്ഞിരുന്നു. പരിക്കേറ്റ പേസര്‍മാരായ ജസ്‌പ്രീത് ബുമ്രയെയും ഹര്‍ഷല്‍ പട്ടേലിനേയും ഏഷ്യാ കപ്പ് സ്‌ക്വാഡിലേക്ക് സെലക്‌ടര്‍മാര്‍ക്ക് പരിഗണിക്കാനായില്ല. 

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍. 

വീണ്ടും മനംകവര്‍ന്ന് പ്യൂമ; വിന്‍ഡീസ് ക്രിക്കറ്റിന് സഹായഹസ്‌തം; കുട്ടികള്‍ക്ക് കിറ്റുകള്‍ നല്‍കും

Follow Us:
Download App:
  • android
  • ios