രണ്ട് ഫോറും ഒരു സിക്സും അടങ്ങുന്നതാണ് കിഷന്‍റെ ഇന്നിംഗ്സ്. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് കിഷന്‍ മത്സര ക്രിക്കറ്റില്‍ കളിക്കുന്നത്.

മുംബൈ: മുംബൈയില്‍ നടക്കുന്ന കോര്‍പറേറ്റ് ടൂര്‍ണമെന്‍റായ ഡ‍ിവൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്‍റിലൂടെ മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ താരം ഇഷാന്‍ കിഷന് നിരാശ. റൂട്ട് മൊബൈല്‍ ലിമിറ്റഡിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ റിസര്‍വ് ബാങ്ക് ടീമിനായി ഓപ്പണറായി ഇറങ്ങിയ കിഷന്‍ വലിയ സ്കോര്‍ നേടാതെ മടങ്ങിയതിനൊപ്പം റിസര്‍വ് ബാങ്ക് 89 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി വഴങ്ങുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത റൂട്ട് മൊബൈല്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തപ്പോള്‍ റിസര്‍വ് ബാങ്ക് 16.3 ഓവറില്‍ 103 റണ്‍സിന് ഓള്‍ ഔട്ടായി. റിസര്‍വ് ബാങ്കിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത കിഷന്‍ 12 പന്തില്‍ 19 റണ്‍സെടുത്ത് പുറത്തായി. മാക്സ്‌വെല്‍ സ്വാമിനാഥന്‍റെ പന്തില്‍ സച്ചിന്‍ ബോസ്‌ലെക്ക് ക്യാച്ച് നല്‍കിയാണ് കിഷൻ പുറത്തായത്.

ക്രിക്കറ്റിൽ അപൂർവങ്ങളില്‍ അപൂർവം, പത്താമനും പതിനൊന്നാമനും സെഞ്ചുറി, രഞ്ജി ട്രോഫിയിൽ പുതിയ റെക്കോർഡിട്ട് മുംബൈ

രണ്ട് ഫോറും ഒരു സിക്സും അടങ്ങുന്നതാണ് കിഷന്‍റെ ഇന്നിംഗ്സ്. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് കിഷന്‍ മത്സര ക്രിക്കറ്റില്‍ കളിക്കുന്നത്. ഡിസംബറിലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വിക്കറ്റ് കീപ്പറായിരുന്ന കിഷന്‍ വിശ്രമം ആവശ്യപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതോടെ കെ എസ് ഭരതിനെ ടെസ്റ്റ് ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായി.

ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം കിഷനോട് രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ സെലക്ടര്‍മാരും കോച്ച് രാഹുല്‍ ദ്രാവിഡും നിര്‍ദേശിച്ചെങ്കിലും അത് അനുസരിക്കാന്‍ കിഷന്‍ തയാറായില്ല. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍റെ ആവശ്യവും നിരസിച്ച കിഷന്‍ മുംബൈയില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യക്കൊപ്പമാണ് പരിശീലിച്ചത്.

ഇതോടെ സെലക്ടര്‍മാരുടെ ഗുഡ് ബുക്കില്‍ നിന്ന് പുറത്തായ കിഷനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കോ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കോ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. കെ എല്‍ രാഹുലിന് പരിക്കേറ്റിട്ടും പുതുമുഖം ധ്രുവ് ജുറെലിനെയാണ് സെലക്ടര്‍മാര്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമിലെടുത്തത്. ടെസ്റ്റ് കളിക്കാന്‍ താല്‍പര്യമില്ലാത്തവരെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കില്ലെന്ന് നാലാം ടെസ്റ്റിനുശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക