ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന യുവ ടീമില്‍ ശുഭ്‌മാന്‍ ഗില്ലിനൊപ്പമാണ് ഇഷാന്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത്
ഗയാന: രോഹിത് ശര്‍മ്മയും വിരാട് കോലിയുമില്ലാത്ത ടീം ഇന്ത്യയുടെ ട്വന്‍റി 20 ഓപ്പണറാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന യുവ ടീമില്‍ ശുഭ്‌മാന്‍ ഗില്ലിനൊപ്പമാണ് ഇഷാന്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. ഇടംകൈ- വലംകൈ കോംപിനേഷന്‍ ടീമിന് നല്‍കുമ്പോഴും ടീമിന് മികച്ച തുടക്കം നല്‍കാന്‍ കഷ്‌ടപ്പെടുകയാണ് ഇഷാന്‍ കിഷന്‍. ട്രിനിഡാഡില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ആദ്യ ട്വന്‍റി 20യില്‍ ഇഷാന്‍ കിഷന്‍റെ ഈ ദയനീയത ഒരിക്കല്‍ക്കൂടി കണ്ടപ്പോള്‍ ഓപ്പണര്‍ സ്ഥാനത്ത് താരത്തിന്‍റെ ഭാവി ചോദ്യചിഹ്നമായിരിക്കുകയാണ്.
2024ല്‍ ട്വന്‍റി 20 ലോകകപ്പ് നടക്കാനിരിക്കേ ഒട്ടും പ്രതീക്ഷ നല്‍കുന്ന കണക്കുകളല്ല ഓപ്പണര്‍ സ്ഥാനത്ത് ഇഷാന്‍ കിഷന്‍റേത്. വെടിക്കെട്ട് ബാറ്റിംഗിന് കഴിവുള്ള താരം പവര്‍പ്ലേ ഓവറുകളില്‍ ഞെരുങ്ങിയാണ് സ്കോര്‍ ചെയ്യുന്നത്. 2022 മുതല്‍ പവര്‍പ്ലേയില്‍ ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റുള്ള ഓപ്പണര്‍മാരില്‍ ഒരാളാണ് ഇഷാന്‍. 300 പന്തുകള്‍ എങ്കിലും നേരിട്ട താരങ്ങളിലെ ഏറ്റവും മോശം രണ്ടാമത്തെ പവര്‍പ്ലേ സ്ട്രൈക്ക് റേറ്റാണ് ഇഷാന്‍റെ പേരിനൊപ്പം വന്‍ നാണക്കേടായുള്ളത്. 110.23 മാത്രമാണ് ഇഷാന്‍റെ സ്ട്രൈക്ക് റേറ്റ് എങ്കില്‍ ശ്രീലങ്കയുടെ പാതും നിസങ്ക(102.78) മാത്രമാണ് ഇഷാന് പിന്നിലുള്ളത്. മെല്ലപ്പോക്കിന് ഏറെ പഴികേട്ടിട്ടുള്ള പാക് ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍റെ സ്ട്രൈക്ക് റേറ്റും(114.51) പവര്‍പ്ലേയില്‍ അത്ര നല്ലതല്ല.
രാജ്യാന്തര ടി20യില്‍ അത്ര മികച്ചതല്ല ഇഷാന്‍ കിഷന്‍റെ ബാറ്റിംഗ് കണക്കുകള്‍. പ്ലേയിംഗ് ഇലവനില്‍ വന്ന 28 മത്സരങ്ങളിലും ബാറ്റിംഗിന് അവസരം ലഭിച്ച താരത്തിന് 4 അര്‍ധസെഞ്ചുറികളോടെ നേടാനായത് 659 റണ്‍സ്. 24.41 ആണ് ബാറ്റിംഗ് ശരാശരിയെങ്കില്‍ സ്ട്രൈക്ക് റേറ്റ് 121.81 മാത്രമേയുള്ളൂ. വിന്‍ഡീസിനെതിരെ ആദ്യ ട്വന്‍റി 20യില്‍ ഇഷാന്‍ 9 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ഇതോടെ രണ്ടാം ടി20യില്‍ ടീമില്‍ ഇഷാന്‍ കിഷന്‍റെ സ്ഥാനം ചോദ്യചിഹ്നമായിരിക്കുകയാണ്. ഓപ്പണറായി അരങ്ങേറ്റം കുറിക്കാന്‍ യശസ്വി ജയ്‌സ്വാള്‍ അവസരം കാത്തിരിപ്പുണ്ട്. ഐപിഎല്ലിലെ 32.56 ബാറ്റിംഗ് ശരാശരിയും 148.73 സ്ട്രൈക്ക് റേറ്റും യശസ്വിക്ക് പ്രതീക്ഷ നല്‍കുന്നു. രാജ്യാന്തര ടി20യില്‍ 132.07 ഉം ഐപിഎല്ലില്‍ 137.19 ഉം പ്രഹരശേഷി സഞ്ജു സാംസണിനുണ്ട്.
Read more: ക്യാപ്റ്റനാണ് പോലും! ഹാര്‍ദിക് പാണ്ഡ്യ നാണക്കേടിന്‍റെ പടുകുഴിയില്‍; ബാറ്റിംഗില്‍ ആമവേഗം
