തിരുവനന്തപുരം: അടുത്തിടെയാണ് സെലക്റ്റര്‍മാര്‍ ഇന്ത്യയുടെ പുതിയ വിക്കറ്റ് കീപ്പറെ കുറിച്ച് കാര്യമായി ചിന്തിച്ചുതുടങ്ങിയത്. ധോണിക്ക് പകരം ടീമിലെത്തിയ ഋഷഭ് പന്തിന്റെ സ്ഥിരതയില്ലായ്മ തന്നെയാണ് അതിന് കാരണം. തുടര്‍ന്ന് ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മത്സരത്തില്‍ ഇഷാന്‍ കിഷനേയും സഞ്ജു സാംസണേയും പരീക്ഷിക്കാന്‍ സെലക്റ്റര്‍മാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

ആദ്യ മൂന്ന് ഏകദിനങ്ങളിലാണ് കിഷന്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞത്. ബാറ്റിങ്ങില്‍ ഒരു അര്‍ധ സെഞ്ചുറി ഉള്‍പ്പെടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കിഷനായി. ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയേറെയാണ്. അതിനെ കുറിച്ച് സംസാരിക്കുകയാണ് കിഷന്‍.. ''എല്ലാ യുവതാരങ്ങളേയും പോലെ ഞാനും ആഗ്രഹിക്കുന്നു. സീനിയര്‍ ടീമില്‍ കളിക്കുകയെന്നുള്ളത് എന്റേയും ആഗ്രഹമാണ്. എന്നാലിപ്പോള്‍ പ്രകടനം എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താമെന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത്. 

സീനിയര്‍ ടീമില്‍ ഉള്‍പ്പെടുന്നതിനെ കുറിച്ച് ഞാന്‍ കൂടുതല്‍ ചിന്തിച്ചാല്‍ അതൊരു അധിക ഭാരമാവും. സമ്മര്‍ദവും വര്‍ധിക്കും. ഇപ്പോള്‍ സ്ഥിരതയോടെ കളിക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത്. ഇന്ത്യ എയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കണം. സെലക്ഷന്‍ സ്വാഭാവികമായിട്ടും നടക്കുന്നതാണ്.'' കിഷന്‍ പറഞ്ഞുനിര്‍ത്തി.