തിരുവനന്തപുരം: ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എം എസ് ധോണി വിരമിച്ചാലും ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി ശോഭനമാണ്. ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയ പ്രതിഭാശാലികളായ യുവ വിക്കറ്റ് കീപ്പര്‍മാര്‍ ടീം ഇന്ത്യക്കുണ്ട്. ധോണിക്ക് ശേഷം ഇന്ത്യന്‍ ടീമിന്‍റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഇവര്‍ക്കിടയില്‍ മത്സരം മുറുകുമെന്ന് തെളിയിക്കുകയാണ് ഒരു ക്യാച്ച്. 

കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇഷാന്‍ കിഷനാണ് വിക്കറ്റിന് പിന്നില്‍ ഒറ്റകൈയന്‍ ക്യാച്ചുമായി അമ്പരപ്പിച്ചത്. പേസര്‍ ദീപക് ചഹാറിന്‍റെ പന്തില്‍ റീസ ഹെന്‍ഡ്രിക്‌സിനെയാണ് കിഷന്‍ പറന്നു കോരിയെടുത്തത്. ഒന്‍പത് റണ്‍സാണ് റീസയ്‌ക്ക് നേടാനായത്. പന്ത് നിലത്തുതൊടും മുന്‍പ് പറന്നിറങ്ങിയ കിഷന്‍ വിരല്‍ത്തുമ്പിലാണ് പന്ത് കുടുക്കിയത് എന്നതാണ് ശ്രദ്ധേയം. 

മത്സരം നാല് വിക്കറ്റിന് ജയിച്ച് അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ എ സ്വന്തമാക്കി. മഴമൂലം മുപ്പത് ഓവര്‍ വീതമായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ 207 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 13 പന്തുകള്‍ ബാക്കിനില്‍ക്കേയാണ് ജയിച്ചത്. നായകന്‍ മനീഷ് പാണ്ഡെയാണ്(59 പന്തില്‍ 81) ഇന്ത്യയുടെ വിജയശില്‍പി. 40 റണ്‍സുമായി ഇഷാന്‍ ബാറ്റിംഗിലും തിളങ്ങി. സ്‌കോര്‍: ദക്ഷിണാഫ്രിക്ക എ-207/8 (30 Overs), ഇന്ത്യ എ- 208/6 (27.5 Overs).