സിഡ്നി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആരാധകര്‍ കാത്തിരിക്കുന്നത്  ജസ്പ്രീത് ബുമ്രയും സ്റ്റീവ് സ്മിത്തും തമ്മിലുള്ള പോരാട്ടത്തിനായാണ്. ടെസ്റ്റില്‍ ഇതുവരെ ഇരുവരും നേര്‍ക്കുനേര്‍ വന്നിട്ടില്ല. ഇന്ത്യയുടെ കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ബുമ്ര കളിച്ചിരുന്നെങ്കിലും പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് വിലക്ക് നേരിട്ടിരുന്ന സ്റ്റീവ് സ്മിത്ത് കളിച്ചിരുന്നില്ല.

ജസ്പ്രീത് ബുമ്രയെ ടെസ്റ്റില്‍ ആദ്യമായാണ് നേരിടുന്നത്. വ്യത്യസ്തമായ ബൗളിംഗ് ആക്ഷനുള്ളതുകൊണ്ടുതന്നെ ബുമ്രയെ കരുതലോടെ നേരിടേണ്ടിവരും. പക്ഷെ അദ്ദേഹത്തെ നേരിടാനായി മാത്രം പ്രത്യേകമായി തന്ത്രങ്ങളൊന്നും മെനയുന്നില്ല. കാരണം മറ്റ് പോര്‍മാറ്റുകളില്‍ ബുമ്രയെ നേരിട്ടിട്ടുണ്ട്. അതില്‍നിന്ന് വലിയ വ്യത്യാസമൊന്നും അദ്ദേഹത്തിന്‍റെ ബൗളിംഗില്‍ ഉണ്ടാകാനിടയില്ല. എങ്കിലും ഈ പരമ്പരയില്‍ ബുമ്രയെ നേരിടാന്‍ ഞാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. കാരണം ഏറ്റവും മികച്ചവരെ നേരിടാനാണ് എനിക്കേറ്റവും ഇഷ്ടം. ബുമ്ര മാത്രമല്ല, ഷമിയും അശ്വിനും ജഡേജയും കുല്‍ദീപും അടങ്ങുന്ന ഇന്ത്യന്‍ ബൗളിംഗ് നിരയിലുള്ളവരെല്ലാം മികവുറ്റവരാണെന്നും സ്മിത്ത് പറഞ്ഞു.

കഴിഞ്ഞ പരമ്പരയില്‍ ഓസീസ് പരമ്പര തോറ്റത് കണ്ടിരിക്കേണ്ടി വന്നത് ഏറെ വിഷമിപ്പിച്ചുവെന്നും സ്മിത്ത് പറഞ്ഞു. മത്സരത്തിന്‍റെ പലഭാഗങ്ങളും ഞാന്‍ കണ്ടിരുന്നു. ടീമിനായി ഒന്നും ചെയ്യാനാവാതെ തോല്‍വി കണ്ടിരിക്കേണ്ടി വന്നത് എന്നെ ഏറെ വിഷമിപ്പിച്ചു. ഞാനുണ്ടായിരുന്നെങ്കില്‍ എനിക്ക് എന്തെങ്കിലും ചെയ്യാനാവുമായിരുന്നു. എന്നാല്‍ അതിന് കഴിയാതിരുന്നതാണ് ഏറ്റവും വലിയ ദു:ഖങ്ങളിലൊന്നെന്നും സ്മിത്ത് പറഞ്ഞു.