കണ്ടം ക്രിക്കറ്റ് ഇനിമുതല്‍ പ്രോ, സ്ട്രീറ്റ് പ്രീമിയര്‍ ലീഗില്‍ കോട്ടയംകാരന്‍ ഹൃതിക് റോഷന്‍റെ ടീമില്‍
കോട്ടയം: 'നീയൊക്കെ ഈ കണ്ടം ക്രിക്കറ്റ് കളിച്ചിട്ട് എന്തു നേടാനാണ്', നാട്ടിന്‍പുറങ്ങളിലെ കൊച്ചു മൈതാനങ്ങളില്‍ ക്രിക്കറ്റ് കളിച്ചു നടക്കുന്ന കുട്ടികളോട് പലരും ഈ ചോദ്യം ചോദിക്കാറുണ്ട്. കോട്ടയം കാണക്കാരിക്കാരന്‍ ഹരീഷ്കുമാറും ഇതേ ചോദ്യം ഒരുപാട് നേരിട്ടു. പക്ഷേ, കണ്ടം ക്രിക്കറ്റ് കളിച്ചു നടന്ന ഹരീഷ് രാജ്യത്ത് ആദ്യമായി നടക്കുന്ന ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗിലെ ടീമുകളിലൊന്നില്‍ പ്രവേശനം നേടിയാണ് ആ ചോദ്യത്തിന് ഉത്തരം നല്‍കിയത്.
ഒരു കൈയിൽ ടെന്നീസ് പന്തും മറുകയ്യിൽ ബാറ്റുമായി നാട്ടിലെ പാടത്തോട്ട് കളിക്കാൻ ഇറങ്ങുമ്പോൾ അമ്മ ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട് ഹരീഷിനെ. പക്ഷേ നാട്ടിലെ പാടങ്ങളിലെല്ലാം നാട്ടുഭാഷയിലെ കണ്ടം ക്രിക്കറ്റ് കളിച്ചു തന്നെ ഹരീഷ് വളർന്നു. ഒടുവിൽ രാജ്യത്ത് ആദ്യമായി തുടങ്ങുന്ന ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് അഥവാ ഐഎസ്പിഎല്ലിൽ സാക്ഷാൽ ഹൃതിക് റോഷന്‍റെ ഉടമസ്ഥതയിലുള്ള ബാംഗ്ലൂര്‍ സ്ട്രൈക്കേഴ്സ് ടീമിലേക്ക് പ്രവേശനവും നേടി. താരലേലത്തിൽ മൂന്നുലക്ഷം രൂപയാണ് ടീം ഹരീഷിന് ഇട്ട വില. കാണക്കാരി എന്ന കൊച്ചു ഗ്രാമത്തിലെ പരിമിതമായ സാഹചര്യങ്ങളിൽ വളർന്ന ഒരു ചെറുപ്പക്കാരന് ഇത് സ്വപ്നങ്ങൾക്കപ്പുറമുള്ള നേട്ടമാണ്.
പഠനം കളഞ്ഞ് കളിക്കാനിറങ്ങിയതിന് മകനെ ഒരുപാട് വഴക്കു പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ നേട്ടം കാണക്കാരി സ്കൂളിലെ പാചകതൊഴിലാളിയായ രത്നമ്മയ്ക്കും അഭിമാനം പകരുന്നു. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പിജി വിദ്യാര്‍ഥിയാണ് ഹരീഷ്. മാര്‍ച്ച് ആറ് മുതല്‍ പതിനഞ്ച് വരെയാണ് രാജ്യത്തെ ഗ്രാമീണ മേഖലയിലെ ക്രിക്കറ്റ് പ്രതിഭകള്‍ക്കായുളള ആദ്യ ഐഎസ്പിഎല്‍ ക്രിക്കറ്റ് അരങ്ങേറുക.
കാണാം വീഡിയോ

