കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പര്‍ ആകുമെന്ന് കരുതുന്ന ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പറാകാനാണ് പ്രധാന മത്സരം.
ജയ്പൂര്‍: ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പ് ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സായിരിക്കും ഇത്തവണത്തെ ഐപിഎല്‍. ഐപിഎല്ലിന് തൊട്ടു പിന്നാലെ നടക്കുന്ന ടി20 ലോകകപ്പ് ടീമിലെത്താന്‍ ഐപിഎല്ലിലെ മിന്നും പ്രകടനങ്ങള്‍ തുണക്കുമെന്ന് യുവതാരങ്ങള്‍ക്ക് അറിയാം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറി മിന്നും പ്രകടനം പുറത്തെടുത്തതോടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് യുവതാരം ധ്രുവ് ജുറെലിനെയും സെലക്ടര്‍മാര്‍ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
രാജസ്ഥാന്‍ റോയല്‍സില്‍ ഫിനിഷര്‍ റോളിലാണ് ധ്രുവ് ജുറെല്‍ കളിക്കുന്നത്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് കളിക്കുന്നത് ക്യാപ്റ്റന്‍ സഞ്ജു സാംസണാണ്. ലോകകപ്പ് ടീമിലെത്താൻ സഞ്ജുവിനൊപ്പമാണ് ജുറെലും മത്സരിക്കുന്നത്. കെ എല്‍ രാഹുലും ജിതേഷ് ശര്‍മയും റിഷഭ് പന്തുമെല്ലാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഇവര്‍ക്കൊപ്പം മത്സരിക്കാനുണ്ട്. കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പര്‍ ആകുമെന്ന് കരുതുന്ന ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പറാകാനാണ് പ്രധാന മത്സരം.
ഇതൊക്കെയാണെങ്കിലും ലോകകപ്പ് ടീമിന്‍റെ ഏഴയലത്ത് പോലും ഇപ്പോള്‍ താനില്ലെന്ന് തുറന്നു പറയുകയാണ് ധ്രുവ് ജുറെല്‍. ഇന്ത്യക്കായി ലോകകപ്പ് കളിക്കുക എന്നത് എന്‍റെ സ്വപ്നമാണ്. എന്നാല്‍ ഞാനതിനക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. അവസരം കിട്ടിയാല്‍ നല്ലത്, ഇനി കിട്ടിയില്ലെങ്കിലും നല്ലത്. ടീമിനായി മികച്ച പ്രകടനം നടത്തുകയും റണ്‍സടിക്കുകയും ചെയ്യുക എന്നതാണ് എനിക്ക് ചെയ്യാനുള്ളത്. അത് മാത്രമാണ് എനിക്ക് ചെയ്യാനുള്ളത്, ഏത് മത്സരമായാലും അത് ചെയ്യുക എന്നതാണ് തനിക്ക് മുന്നിലുള്ള കാര്യമെന്ന് ന്യൂസ് 24ന് നല്‍കിയ അഭിമുഖത്തില്‍ ധ്രുവ് ജുറെല്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനത്തിന് പിന്നാലെ ജുറെലിനെ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍ എം എസ് ധോണിയുമായി താരതമ്യം ചെയ്തിരുന്നു. എന്നാല്‍ ധോണിയുമായി താരതമ്യം ചെയ്തതിന് നന്ദിയുണ്ടെന്നും തന്നെ സംബന്ധിച്ച് ധോണിയെപ്പോലെയാലാകാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നും ഒരേയൊരു ധോണി മാത്രമെ ഇന്ത്യന്‍ ക്രിക്കറ്റിലുള്ളൂവെന്നും ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്തപ്പോള്‍ ജുറെല്‍ പറഞ്ഞിരുന്നു.
