രോഹിത് ശര്‍മക്ക് പകരം ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇത്തവണ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ആറാം കിരീടം തേടിയിറങ്ങുന്നത്.
മുംബൈ: ഐപിഎല്ലില്‍ കിരീടം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് മുംബൈ ഇന്ത്യന്‍സ്. ടീമിന്‍റെ പരീശിലന ക്യാംപ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ വിസമ്മതിച്ചതിന് ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്തായ ഇഷാന്‍ കിഷനാണ് മുംബൈ ക്യാംപിലെയും ശ്രദ്ധാകേന്ദ്രം.ഐപിഎല്ലില്‍ മിന്നും പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ കിഷന്‍.
അതെസമയം, മുംബൈ ഇന്ത്യന്‍സിന്‍റെ പരിശീലനത്തിനിടെ സഹതാരങ്ങളോട് ഒരു അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് യുവതാരം, പരിശീലനത്തിനെത്തുമ്പോള്‍ കൈയില്‍ കരുതുന്ന വെള്ളക്കുപ്പികള്‍ വലിച്ചെറിയാതെ വേസ്റ്റ് ബിന്നുകളില്‍ തന്നെ ഇടണമെന്നും ചെറിയ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ വലിയ മാറ്റങ്ങള്‍ വരുത്താനാകുമെന്നും ഇഷാന്‍ കിഷന്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
രോഹിത് ശര്‍മക്ക് പകരം ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇത്തവണ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ആറാം കിരീടം തേടിയിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലെത്തിയെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പ്ലേ ഓഫില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന് മുന്നില്‍ ടീമിന് അടിയറവ് പറയേണ്ടിവന്നിരുന്നു.
കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വിശ്രമം ആവശ്യപ്പെട്ട് ഇന്ത്യന്‍ ടീം വിട്ട ഇഷാന്‍ കിഷന്‍ പിന്നീട് രഞ്ജി ട്രോഫിയില്‍ കളിക്കാനുള്ള സെലക്ടര്‍മാരുടെയും ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന്‍റെയും അഭ്യര്‍ത്ഥന തുടര്‍ച്ചയായി നിരസിച്ചത് വലിയ വിവാദമായിരുന്നു. പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതിരുന്ന കിഷന് ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം പരിശീലനത്തിലായിരുന്നു ഇഷാന്‍ കിഷൻ. ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്താല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് യുവ വിക്കറ്റ് കീപ്പറിപ്പോള്‍.
