പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ തോറ്റപ്പോള്‍ മൂന്നാം മത്സരത്തില്‍ രോഹിത് അപരാജിത സെഞ്ചുറിയും വിരാട് കോലി അപരാജി അര്‍ധസെഞ്ചുറിയും നേടി ഇന്ത്യക്ക് ആശ്വാസജയം സമ്മാനിച്ചു.
കൊല്‍ക്കത്ത: ഒരു പരമ്പര കൈവിട്ടിട്ട് വ്യക്തിഗത നേട്ടം ആഘോഷിക്കാനാവില്ലെന്ന് ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീര്‍. വ്യക്തിഗത നേട്ടങ്ങളിലല്ല താൻ വിശ്വസിക്കുന്നതെന്നും ടീമിന്‍റെയും രാജ്യത്തിന്‍റെയു നേട്ടത്തിലാണെന്നും ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ തോറ്റെങ്കിലും ഒരു സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടിയ മുന്‍ നായകന്‍ രോഹിത് ശര്‍മ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏകദിന റണ്‍വേട്ടയില്‍ ഇന്ത്യൻ താരങ്ങളില്‍ രോഹിത് മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ തോറ്റപ്പോള്‍ മൂന്നാം മത്സരത്തില്‍ രോഹിത് അപരാജിത സെഞ്ചുറിയും വിരാട് കോലി അപരാജി അര്‍ധസെഞ്ചുറിയും നേടി ഇന്ത്യക്ക് ആശ്വാസജയം സമ്മാനിച്ചു. രോഹിത്തിന്‍റെയോ കോലിയുടെയോ പേരെടുത്ത് പറയാതെയാണ് ഗംഭീറിന്‍റെ പരാമര്‍ശമെങ്കിലും ആരാധകര്‍ ഇത് വലിയ ചര്‍ച്ചയാക്കുകും ചെയ്തു. ഞാന്‍ ഒരുകാലത്തും വ്യക്തിഗത നേട്ടങ്ങളില്‍ വിശ്വസിക്കുന്ന ആളല്ല. വ്യക്തിഗത നേട്ടങ്ങളില്‍ എനിക്ക് സ്ന്തോഷമുണ്ട്. പക്ഷെ ആത്യന്തികമായി നമ്മള്‍ ഏകദിന പരമ്പര തോറ്റു. അതാണ് പ്രധാന കാര്യം. ഒരു പരമ്പര തോറ്റിട്ട് വ്യക്തിഗത നേട്ടത്തില്‍ സന്തോഷിക്കാന്‍ കോച്ച് എന്ന നിലയില്‍ എനിക്ക് കഴിയില്ല. അതേസമയം, വ്യക്തിഗത നേട്ടങ്ങളില്‍ ഞാന്‍ കളിക്കാരെ അഭിനന്ദിക്കാറുണ്ട്. പക്ഷെ പരമ്പര കൈവിട്ടിട്ടും വ്യക്തിഗത നേട്ടങ്ങളെ ആഘോഷിക്കാതിരിക്കുക എന്നത് ഒരു ടീം എന്ന നിലയിലും രാജ്യമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും നമ്മുടെ ധാര്‍മിക ഉത്തരവാദിത്തമാണെന്ന് ഞാന്‍ കരുതുന്നു. കാരണം, ആത്യന്തികമായി നമ്മള്‍ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്.
എന്നാല്‍ ടി20 പരമ്പരയെ സംബന്ധിച്ച് കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. നമ്മള്‍ ആ പരമ്പര ജയിച്ചിരുന്നു. ഒരുപാട് നല്ല കാര്യങ്ങള്‍ ടി20 പരമ്പരയിലുണ്ടായെങ്കിലും നമ്മള്‍ നമ്മുടെ ഏറ്റവും മികച്ച പ്രകടനത്തിന് അടുത്ത് ഇപ്പോഴും എത്തിയിട്ടില്ല. മൂന്ന് മാസം കഴിഞ്ഞാല്‍ ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഈ പരമ്പര നേട്ടത്തെക്കാളപരി നമുക്ക് വേറെയും ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. എന്നാല്‍ ലോകകപ്പിന് മുമ്പ് ടീമിനെ മികച്ച ഫോമിലെത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ഗംഭീര്‍ പറഞ്ഞു.


