ഇവരെപ്പോലെയുള്ളവര്ക്കൊക്കെ എന്തും പറയാം. കാരണം ഡ്രസ്സിംഗ് റൂമില്‍ ഞങ്ങള്‍ എന്താണ് സംസാരിക്കുന്നത് എന്ന് അറിയാത്തവരാണ് ഇവരെല്ലാം. എല്ലാ മത്സരങ്ങളിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഞങ്ങളെല്ലാം ശ്രമിക്കുന്നത്.
അഹമ്മദാബാദ്: ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണം അമിത ആത്മവിശ്വാസമായിരുന്നുവെന്ന് മുന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായി ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ. ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രോഹിത് ശാസ്ത്രിയുടെ പ്രസ്താവനക്ക് മറുപടി നല്‍യത്.
2014 മുതല്‍ ഏഴ് വര്‍ഷത്തോളം ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്ന രവി ശാസ്ത്രിയെ പുറത്തു നില്ക്കുന്ന ആള് എന്നാണ് രോഹിത് വാര്‍ത്താസമ്മേളനത്തില്‍ വിശേഷിപ്പിച്ചത് എന്നതും ശ്രദ്ധേയമായി. സത്യസന്ധമായി പറഞ്ഞാല്‍, ഞങ്ങള്‍ ആദ്യ രണ്ട് കളികള്‍ ജയിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അമിത ആത്മവിശ്വാസമായെന്നാണ് പുറത്ത് നില്ക്കുന്ന ചിലര്‍ പറയുന്നത്. തീര്‍ത്തും അംസബന്ധമായ പ്രസ്താവനയാണിത്. കാരണം, പരമ്പരയിലെ നാല് മത്സരങ്ങളിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ വേണ്ടി തന്നെയാണ് ഞങ്ങളെല്ലാവരും കളിക്കുന്നത്. അല്ലാതെ രണ്ട് കളികള്‍ ജയിച്ചശേഷം നിര്‍ത്താനല്ല.
ഇവരെപ്പോലെയുള്ളവര്ക്കൊക്കെ എന്തും പറയാം. കാരണം ഡ്രസ്സിംഗ് റൂമില്‍ ഞങ്ങള്‍ എന്താണ് സംസാരിക്കുന്നത് എന്ന് അറിയാത്തവരാണ് ഇവരെല്ലാം. എല്ലാ മത്സരങ്ങളിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഞങ്ങളെല്ലാം ശ്രമിക്കുന്നത്. പുറമെ നില്‍ക്കുന്നവര്‍ക്ക് അത് അമിത ആത്മവിശ്വാസമായോ അതുപോലെ മറ്റെന്തെങ്കിലുമായോ ഒക്കെ തോന്നിയാല്‍ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. രവി ശാസ്ത്രിയും കുറച്ചു കാലം മുമ്പുവരെ ഡ്രസ്സിംഗ് റൂമിന്റെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ എന്തു തരം മനോഭാവത്തോടെയാണ് ഞങ്ങള്‍ ഓരോ മത്സരത്തിനും ഇറങ്ങുന്നത് എന്ന് അദ്ദേഹത്തിനും അറിയാവുന്ന കാര്യമാണ്.
അമിത ആത്മവശ്വാസമെന്നതിന് പകരം ദയാരഹിതമെന്ന വാക്ക് ഉപയോഗിക്കാനാണ് എനിക്കിഷ്ടം. എതിരാളിക്ക് ഒരിഞ്ച് പോലും വിട്ടുകൊടുക്കാതിരക്കാനുള്ള മത്സരബുദ്ധി ഓരോ മത്സരത്തിലും പുറത്തെടുക്കുക. ഇക്കാര്യം ഞങ്ങള്‍ വിദേശ പര്യടനങ്ങളില്‍ പോകുമ്പോള്‍ അനുഭവിച്ചിട്ടുള്ള കാര്യമാണ്. കാരണം വിദേശത്ത് പോകുമ്പോള്‍ അതാത് ടീമുകള്‍ നമ്മളെ പരമ്പരയില്‍ തിരിച്ചുവരാനാവാത്ത വിധം തകര്‍ക്കാനാണ് എല്ലായ്പ്പോഴും ശ്രമിക്കാറുള്ളത്. അതുതന്നെയാണ് ഇന്ത്യന്‍ ടീമിന്റെയും മനോഭാവമെന്നും രോഹിത് പറഞ്ഞു. ഇന്‍ഡോര്‍ ടെസ്റ്റിലെ ഒമ്പത് വിക്കറ്റ് തോല്‍വിക്ക് പിന്നാലെയാണ് ഇന്ത്യയെ ചതിച്ചത് അമിത ആത്മവിശ്വാസമാണെന്ന് രവി ശാസ്ത്രി പറഞ്ഞത്.
