പന്തെറിയാനായി ഓടിയെത്തി സിറാജ് ബൗളിംഗ് ക്രിസിലെത്തിയപ്പോള്‍ സ്മിത്ത് ബാറ്റിംഗ് സ്റ്റാന്‍സില്‍ നിന്ന് പിന്‍വാങ്ങിയതാണ് സിറാജിനെ പ്രകോപിപ്പിച്ചത്.
ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ രണ്ടാം ദിനം 327-3 എന്ന ശക്തമായ നിലയില്‍ ക്രീസിലിറങ്ങിയ ഓസീസിനെതിരെ ഇന്ത്യയുടെ തിരിച്ചുവരവിന് നേതൃത്വം കൊടുത്തത് പേസര്‍ മുഹമ്മദ് സിറാജായിരുന്നു. ആദ്യ ദിനം ഉസ്മാന്‍ ഖവാജയെ വീഴ്ത്തി വിക്കറ്റ് വേട്ട തുടങ്ങിയ സിറാജ് തകര്‍ത്തടിച്ച് സെഞ്ചുറി നേടിയ ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡിനെ രണ്ടാം ദിനം പുറത്താക്കിയാണ് ഇന്ത്യന്‍ തിരിച്ചുവരവിന് ചുക്കാന്‍ പിടിച്ചത്. വാലറ്റത്ത് പാറ്റ് കമിന്‍സും നേഥന്‍ ലിയോണും ചേര്‍ന്ന് ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചപ്പോഴും ഇന്ത്യയുടെ രക്ഷക്കെത്തിയത് സിറാജ് ആയിരുന്നു. ലിയോണിനെയും കമിന്‍സിനെയും പുറത്താക്കി സിറാജ് ഓസീസ് ഇന്നിംഗ്സിന് തിരശീലയിട്ടു.
ട്രാവിസ് ഹെഡിനെ തുടര്‍ച്ചയായി ഷോര്‍ട്ട് ബോളുകളെറിഞ്ഞ് വട്ടം കറക്കിയ സിറാജ് സെഞ്ചുറിയുമായി ക്രീസില്‍ നിന്ന സ്റ്റീവ് സ്മിത്തിനെയും വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിച്ചിരുന്നു. ഇതിനിടെ പന്തെറിയാനായി സിറാജ് ബൗളിംഗ് ക്രിസിലേക്ക് ഓടിയെത്തിയപ്പോള്‍ സ്മിത്ത് ബാറ്റിംഗ് സ്റ്റാന്‍സില്‍ നിന്ന് പിന്‍വാങ്ങിയയതും സിറാജിനെ പ്രകോപിപ്പിച്ചു. ബൗള്‍ ചെയ്യാനായി ഓടിയെത്തിയ സിറാജ് സ്മിത്ത് ബാറ്റ് ചെയ്യാതെ മാറിനിന്നതോടെ പന്ത് വിക്കറ്റിന് നേരെ വലിച്ചെറിഞ്ഞു. ഒരു പ്രകോപനവുമില്ലാതെ സ്മിത്തിന് നേരെ പന്ത് വലിച്ചെറിഞ്ഞ സിറാജിന്‍റെ നടപടിയ്ക്കെതിരെ ആരാധകരില്‍ നിന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന സ്മിത്തിനെ സിറാജ് അനാവശ്യമായി പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ആരാധകര്‍ പറയുന്നു.
എന്നാല്‍ സ്മിത്തിനെതിരെ പന്ത് വലിച്ചെറിഞ്ഞത് കളിയുടെ രസത്തില്‍ ചെയ്തതാണെന്നും അത് തങ്ങള്‍ രണ്ടുപേരും ആസ്വദിച്ചുവെന്നും രണ്ടാം ദിനത്തിലെ കളിക്കുശേഷം സിറാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റിലാക്സ് ആയി കളിക്കുമ്പോഴെ കളി ആസ്വദിക്കാനാവു. സമ്മര്‍ദ്ദത്തില്‍ കളിക്കുമ്പോള്‍ അതിന് കഴിയില്ല. അത് ബൗളിംഗിനെയും ബാധിക്കും. അതുകൊണ്ടുതന്നെ സ്മിത്തിനെതിരെ പന്ത് വലിച്ചെറിഞ്ഞതിനെ വലിയ കാര്യമായി കാണേണ്ടെന്നും സിറാജ് വ്യക്തമാക്കി.
ആദ്യ ദിനം തുടക്കത്തില്‍ തകര്‍ന്ന ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും ചേര്‍ന്നുള്ള 285 റണ്‍സ് കൂട്ടുകെട്ടാണ് മികച്ച സ്കോറിലെത്തിച്ചത്. ഹെഡ് 174 പന്തില്‍ 163 റണ്‍സടിച്ചപ്പോള്‍ സ്മിത്ത് 268 പന്തില്‍ 121 റണ്‍സെടുത്തു. ഷാര്‍ദ്ദുല്‍ താക്കൂറാണ് സ്മിത്തിനെ പുറത്താക്കിയത്. പന്ത് വലിച്ചെറിഞ്ഞതില്‍ സിറാജിനെതിരെ വിമര്‍ശനം ഉയരുമ്പോഴും 2014ലെ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ മിച്ചല്‍ ജോണ്‍സണ്‍ വിരാട് കോലിക്ക് നേരെ പന്ത് വലിച്ചറിഞ്ഞിട്ടുണ്ടെന്നതും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
