ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ പന്ത് ലീവ് ചെയ്യുമ്പോള്‍ ഓഫ് സ്റ്റംപ് എവിടെയാണെന്ന് കൃത്യമായ ബോധ്യം വേണം. ഓഫ് സ്റ്റംപിനെക്കുറിച്ച് ബോധ്യമില്ലാത്തത് മാത്രമല്ല, തന്‍റെ ഫൂട്ട്‌വര്‍ക്കില്‍ അലസത കാട്ടിയതുമാണ് ഗില്ലിന്‍റെ പുറത്താകലിന് കാരണമായത്.
ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യന്‍ താരങ്ങളായ ശുഭ്മാന്‍ ഗില്ലും ചേതേശ്വര്‍ പൂജാരയും പുറത്തായ രീതിയെ വിമര്‍ശിച്ച് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഓഫ് സ്റ്റംപ് ലൈനിലെത്തിയ സ്കോട് ബോളന്‍ഡിന്‍റെ പന്ത് ഗില്‍ ലീവ് ചെയ്താണ് ബൗള്‍ഡായതെങ്കില്‍ സാനമായി കമറൂണ്‍ ഗ്രീനിന്‍റെ പന്ത് ലീവ് ചെയ്താണ് പൂജാരയും ബൗള്‍ഡായത്.
ഓവലില്‍ കൗണ്ടി ക്രിക്കറ്റ് കളിച്ചപ്പോള്‍ സസെക്സിനായി ടണ്‍ കണക്കിന് റണ്ണടിച്ചു കൂട്ടിയിട്ടുണ്ട് പൂജാര. പക്ഷെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ഓവലില്‍ കളിച്ചപ്പോഴും ഇന്നലെ ഓസ്ട്രേലിയക്കെതിരെയും ഓവലിലെ പരിചയ സമ്പത്ത് മുതലാക്കുന്നതില്‍ പൂജാര പരായപ്പെട്ടിരുന്നു. തുടക്കക്കാരനായ ശുഭ്മാന്‍ ഗില്‍ ലീവ് ചെയ്ത പന്തില്‍ പുറത്തായത് മനസിലാക്കാമെങ്കിലും 100 ടെസ്റ്റുകളുടെ അനുഭവ സമ്പത്തുള്ള ചേതേശ്വര്‍ പൂാജര തന്‍റെ ഓഫ് സ്റ്റംപ് എവിടെയാണെന്ന് ഇനിയും തിരിച്ചറിയാത്തത് തനിക്ക് മനസിലാവുന്നില്ലെന്നും രവി ശാസ്ത്രി സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു.
ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ പന്ത് ലീവ് ചെയ്യുമ്പോള്‍ ഓഫ് സ്റ്റംപ് എവിടെയാണെന്ന് കൃത്യമായ ബോധ്യം വേണം. ഓഫ് സ്റ്റംപിനെക്കുറിച്ച് ബോധ്യമില്ലാത്തത് മാത്രമല്ല, തന്‍റെ ഫൂട്ട്‌വര്‍ക്കില്‍ അലസത കാട്ടിയതുമാണ് ഗില്ലിന്‍റെ പുറത്താകലിന് കാരണമായത്. അവന്‍ തെറ്റില്‍ നിന്ന് പാഠം പഠിക്കുമായിരിക്കും. കാരണം, അവന്‍ ചെറുപ്പമാണ്. പക്ഷെ തന്‍റെ പുറത്താകല്‍ കണ്ട് പൂജാര തീര്‍ത്തും നിരാശനായിട്ടുണ്ടാകും. അതുകൊണ്ടാണ് എല്ലായ്പ്പോഴും പറയുന്നത് ഇംഗ്ലണ്ടില്‍ കളിക്കുമ്പോള്‍ ഓഫ് സ്റ്റംപ് എവിടെയാണെന്ന് ബാറ്റര്‍ക്ക് ധാരണ വേണമെന്ന്-ശാസ്ത്രി പറഞ്ഞു.
ഇംഗ്ലണ്ടില്‍ മൂന്ന് തവണ ടെസ്റ്റ് പരമ്പര കളിച്ചിട്ടും കൗണ്ടിയില്‍ ഇത്രയധികം അനുഭവ സമ്പത്തുണ്ടായിട്ടും പൂജാരക്ക് നിര്‍ണായക മത്സരങ്ങളില്‍ തിളങ്ങാനാവാത്തത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. കൗണ്ടി ബ്രാഡ്മാന്‍ എന്നുവരെ പൂജാരയെ ആരാധകര്‍ പരിഹസിക്കുകയും ചെയ്തു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 469 റണ്‍സിന് മറുപടി പറയുന്ന ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 151-5 എന്ന സ്കോറില്‍ പതറുകയാണ്. 29 റണ്‍സുമായി അജിങ്ക്യാ രഹാനെയും അഞ്ച് റണ്‍സുമായി ക്രീസിലുള്ള ശ്രീകര്‍ ഭരത്തിലുമാണ് ഇന്ത്യയുടെ അവസാന പ്രതീക്ഷകള്‍. പൂജാരയും ഗില്ലും രോഹിത്തും കോലിയും അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയതാണ് ഇന്ത്യയുടെ അപ്രതീക്ഷിത തകര്‍ച്ചക്ക് കാരണമായത്.
