കൊല്‍ക്കത്ത: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ജൈത്രയാത്ര ആരംഭിച്ചത് ദാദ(സൗരവ് ഗാംഗുലി)യുടെ ടീമില്‍ നിന്നെന്ന് നായകന്‍ വിരാട് കോലി. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് ടീം ഇന്ത്യ തൂത്തുവാരിയതിന് പിന്നാലെയാണ് കോലിയുടെ പ്രതികരണം. 

ടെസ്റ്റ് ക്രിക്കറ്റ് മാനസികമായ പോരാട്ടം കൂടിയാണ്. തലയുയര്‍ത്തി നില്‍ക്കാന്‍ പഠിച്ചുകഴിഞ്ഞു- എല്ലാം ആരംഭിച്ചത് ദാദയുടെ ടീമില്‍ നിന്നാണ്. കഠിന പരിശ്രമം നടത്തുന്നതിന് ഫലമുണ്ട്. ലോകത്തെ ഏത് പിച്ചിലും വിക്കറ്റ് വീഴ്‌ത്താനുള്ള കഴിവ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുണ്ട്. വിദേശത്തും വിക്കറ്റുകള്‍ വീഴ്‌ത്താനാകുമെന്ന് സ്‌പിന്നര്‍മാര്‍ കാട്ടുന്നു. ഇന്ത്യന്‍ ടീം കൃത്യമായ പാതയിലാണെന്നും  മത്സരങ്ങള്‍ ആസ്വദിക്കുന്നതായും കോലി കൊല്‍ക്കത്ത ടെസ്റ്റിന് ശേഷം പറഞ്ഞു. 

ഇന്ത്യ ആദ്യമായി വേദിയായ പകല്‍-രാത്രി ടെസ്റ്റിന് ഈഡന്‍ ഗാര്‍ഡന്‍സില്‍ സ്റ്റേഡിയം നിറച്ച ആരാധകര്‍ക്ക് കോലി നന്ദിപറഞ്ഞു. 'ഈഡനിലെത്തിയ കാണികള്‍ വിസ്‌മയമാണ്. മത്സരം ഇന്ന്(മൂന്നാംദിനം) അവസാനിക്കുമെന്ന് ഉറപ്പായതിനാല്‍ ഏറെ കാണികള്‍ എത്തില്ല എന്നാണ് കരുതിയത്. എന്നാല്‍ ഈഡന്‍ ഗാര്‍ഡന്‍സിലെ കാണികള്‍ മാതൃകയായി'- കോലി കൂട്ടിച്ചേര്‍ത്തു.