മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം അടുത്തിടെയാണ് ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ കേരളത്തില്‍ തിരിച്ചെത്തിയത്. മൂന്ന് ടി20 മത്സരങ്ങളില്‍ അവസരം ലഭിച്ചെങ്കിലും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. അതില്‍ നിരാശയില്ലെന്ന് ഒരിക്കല്‍ സഞ്ജു വ്യക്തമാക്കുകയുണ്ടായി. കാരണം ടീം മാനേജ്‌മെന്റ് തന്നോട് ആവശ്യപ്പെട്ടത് ആക്രമിച്ച് കളിക്കാനാണെന്നായിരുന്നു എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ടി20 ബാറ്റ്‌സ്മാനാണെന്ന് പറയുമ്പോഴും രഞ്ജി ട്രോഫിയില്‍ ചില മികച്ച പ്രകടനങ്ങല്‍ സഞ്ജു പുറത്തെടുത്തിട്ടുണ്ട്. ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുയാണ് സഞ്ജു. 

രാജ്യത്തിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതാണ് സ്വപ്‌നമെന്ന് സഞ്ജു വ്യക്തമാക്കി. താരം തുടര്‍ന്നു... ''ടെസ്റ്റ് ക്രിക്കറ്റ് കടുത്ത വെല്ലുവിളി തന്നെയാണ്. മികച്ചൊരു ക്രിക്കറ്ററായിരിക്കണമെങ്കില്‍ തീര്‍ച്ചയായും ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിരിക്കണം. രാജ്യത്തിന് വേണ്ടി ടെസ്റ്റ് കളിക്കുകയെന്നതാണ് എന്റെ സ്വപ്നം. അതിനുള്ള സമയം വരുമെന്നാണ് ഞാനും കരുതുന്നത്. ഞാന്‍ ആ നിമിഷത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ടി20 ക്രിക്കറ്റില്‍ വിജയിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഒരു താരം പരാജയപ്പെടും. 

എന്നാല്‍ എന്റെ കാര്യത്തില്‍ ഞാന്‍ വളരെയേറെ സന്തോഷവാനാണ്. ഞാന്‍ മികച്ച തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എനിക്കുറപ്പുണ്ട് വിജയകരമായ ഒരു കാലം എനിക്കുണ്ടാവും. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് തുടരുക മാത്രമാണ് വേണ്ടത്. നല്ല തയ്യാറെടുപ്പുകള്‍ നടത്തണം. ക്രിക്കറ്റെന്നുള്ള ഒരു വികൃതിയാമ്. എപ്പോഴാണ് പോസിറ്റീവ് ഫലം വരികയെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. 

സാധിക്കുന്ന അത്രയും റണ്‍സ് നേടണം. കഴിഞ്ഞ ഏഴോ എട്ടോ വര്‍ഷത്തിനിടെ ഞാന്‍ ഒരു വിക്കറ്റ് കീപ്പര്‍ മാത്രമായിട്ടല്ല, ഫീല്‍ഡറായിട്ടും കളിച്ചു. ബാറ്റിങ്ങിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. ഏത് വേഷത്തിനും ഞാന്‍ തയ്യറാണ്. അത് ബാറ്റ്‌സ്മാനോ വിക്കറ്റ് കീപ്പറോ ഫീല്‍ഡറോ ആയിക്കോട്ടെ.'' സഞ്ജു പറഞ്ഞുനിര്‍ത്തി.

ഇപ്പോള്‍ മുംബൈയിലാണ് സഞ്ജു. സയ്യിദ് മുഷ്താഖ് അലി ടി20 തയ്യാറെടുപ്പിലാണ് താരം. ഇത്തവണ കേരളത്തെ നയിക്കുന്നതും സഞ്ജു തന്നെ. 55 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 37.64 ശരാശരിയില്‍ 3000ല്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുണ്ട് സഞ്ജു. 211 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.