ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023ന്‍റെ റണ്‍വേട്ടക്കാരനാവാന്‍ പോകുന്നത് ഇന്ത്യന്‍ താരങ്ങളല്ല എന്ന് കാലിസ്

മുംബൈ: രോഹിത് ശർമ്മ, വിരാട് കോലി. ഇന്ത്യ വേദിയാവുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ റണ്ണൊഴുക്കാന്‍ സാധ്യതയുള്ള രണ്ട് ബാറ്റർമാരാണ് ഇരുവരും. രോഹിത് ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ടോപ് സ്കോററായെങ്കില്‍ വലിയ ടൂർണമെന്‍റുകള്‍ വരുമ്പോള്‍ സമ്മർദമില്ലാതെ റണ്‍ നേടാന്‍ കഴിവുള്ള താരമാണ് കോലി. ഇന്ത്യയിലാണ് ലോകകപ്പ് മത്സരങ്ങള്‍ എന്നതിനാല്‍ രോഹിത്തിനും കോലിക്കും റണ്‍ കൊയ്ത്ത് ഒരു വെല്ലുവിളിയാവാനേ സാധ്യതയില്ല. 

എന്നിരുന്നാലും ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023ന്‍റെ റണ്‍വേട്ടക്കാരനാവാന്‍ പോകുന്നത് ഇവർ രണ്ടാളുമല്ല എന്നാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ ഓൾറൗണ്ടർ ജാക്ക് കാലിസ് പറയുന്നത്. ഇംഗ്ലണ്ടിന്‍റെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ താരങ്ങളിലൊരാളായ ജോസ് ബട്‍ലർ ഇന്ത്യന്‍ ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടും എന്നാണ് കാലിസിന്‍റെ പ്രവചനം. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ 9 കളിയില്‍ അഞ്ച് സെഞ്ചുറികളോടെ 648 റണ്‍സുമായി രോഹിത് ശർമ്മ റണ്‍വേട്ടക്കാരനായപ്പോള്‍ 10 മത്സരത്തില്‍ മൂന്ന് ശതകങ്ങളോടെ 647 റണ്‍സ് കണ്ടെത്തിയ ഓസീസ് ഓപ്പണർ ഡേവിഡ് വാർണറായിരുന്നു തൊട്ടുപിന്നില്‍. 8 മത്സരങ്ങളില്‍ രണ്ട് സെഞ്ചുറികള്‍ സഹിതം 606 റണ്‍സുമായി ബംഗ്ലാ ഓൾറൗണ്ടർ ഷാക്കിബ് അല്‍ ഹസന്‍ മൂന്നാമതെത്തി. 9 കളിയില്‍ 443 റണ്‍സായിരുന്നു 2019 ലോകകപ്പില്‍ കോലിയുടെ സമ്പാദ്യം. 11 മത്സരങ്ങളില്‍ 312 റണ്‍സാണ് ബട്‍ലർ നേടിയത്. 

ഒക്‌ടോബര്‍ അഞ്ചിന് നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നതോടെയാണ് 2023 ഏകദിന ലോകകപ്പിന് ഇന്ത്യയില്‍ തുടക്കമാകുന്നത്. നവംബര്‍ 19ന് ഇതേ സ്റ്റേഡിയത്തിലാണ് കലാശപ്പോര്. 10 വേദികളിലായാണ് പത്ത് ടീമുകള്‍ ഏറ്റുമുട്ടുന്ന ലോകകപ്പ് മത്സരങ്ങള്‍. ലോകകപ്പിലെ ഏറ്റവും വാശിയേറിയ മത്സരം ഇന്ത്യയും പാകിസ്ഥാനും തമ്മിലാണ്. ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒക്‌ടോബര്‍ 14നാണ് ഈ അങ്കം. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ ഇക്കുറി നയിക്കുന്നത് ജോസ് ബട്‍ലറാണ്. ഐപിഎല്ലിലൂടെ ഇന്ത്യയില്‍ കളിച്ച് വലിയ പരിചയം ബട്‍ലർക്കുണ്ട്. 

Read more: ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ഭാഗ്യചിഹ്നം പുറത്തിറക്കി, ആരാധകര്‍ക്കായി മത്സരം