കാന്‍ബറ: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബാറ്റിംഗിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജക്ക് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി യുസ്‌വേന്ദ്ര ചാഹലിനെ ഇറക്കിയതിനെതിരെ ഓസീസ് ഓള്‍ റൗണ്ടര്‍ മോയിസ് ഹെന്‍‌റിക്കസ്. ജഡേജ ഓള്‍ റൗണ്ടറും ചാഹല്‍ ബൗളറുമാണെന്ന് ഹെന്‍‌റിക്കസ് മത്സരശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബാറ്റിംഗിനിടെ പന്ത് ഹെല്‍മറ്റില്‍ ഇടിച്ച് പരിക്കേറ്റ ജഡേജക്ക് കണ്‍കഷന്‍ വേണമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കും ഒരു സംശയവുമില്ല. എന്നാല്‍ കണ്‍കഷന്‍ നടത്തുമ്പോള്‍ അതേപോലെയുള്ള കളിക്കാരെയാണ് പകരം കളിപ്പിക്കേണ്ടത്.

എന്നാല്‍ ജഡേജ ഒരു ഓള്‍ റൗണ്ടറും ചാഹല്‍ ബൗളറുമാണ്. മാത്രമല്ല ജഡേജയുടെ ബാറ്റിംഗ് പൂര്‍ത്തിയായ ശേഷമാണ് കണ്‍കഷനെടുത്തത് എന്നതും പ്രധാനമാണ്. ഐസിസിയുടെ കണ്‍കഷന്‍ സമ്പ്രദായത്തെ ചോദ്യം ചെയ്യാനില്ലെന്നും ഇന്ത്യക്ക് കണ്‍കഷന്‍ ആവശ്യപ്പെടാനുള്ള അവകാശമുണ്ടെന്നും പറഞ്ഞ ഹെന്‍‌റിക്കസ് കണ്‍കഷനായി പകരമിറക്കുന്ന കളിക്കാരന്‍ അതേതരത്തിലുള്ള കളിക്കാരനാകണമെന്നും വ്യക്തമാക്കി.

ജഡേജക്ക് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ചാഹല്‍ മത്സരത്തില്‍ മൂന്ന് വിക്കറ്റെടുത്ത് ഇന്ത്യയെ ജയിപ്പിക്കുകയും കളിയിലെ കേമനാവുകയും ചെയ്തിരുന്നു.