വൈഭവിനൊപ്പം ബാറ്റ് ചെയ്യുന്നത് അതിശയകരമായ ഒരു അനുഭവമാണ്. കാരണം ഞങ്ങൾ രണ്ടുപേരും ഒരേപോലെ ആക്രമിച്ച് കളിക്കാൻ ഇഷ്ടപ്പെടുന്നവരും അത് ആസ്വദിക്കുന്നവരുമാണ്.

ഗുവാഹത്തി: ഐപിഎല്ലില്‍ ചൊവ്വാഴ്ച ഗുവാഹത്തിയിൽ നടന്ന മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറായ വൈഭവ് സൂര്യവംശി നടത്തിയ വെടിക്കെട്ട് പ്രകടനത്തെക്കുറിച്ച പ്രതികരിച്ച് സഹ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. മുംബൈയുടെ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയും 15 വയസുകാരൻ വൈഭവ് സൂര്യവംശിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടം കാണാൻ കാത്തിരുന്ന ആരാധകരെ അമ്പരപ്പിച്ച് ബുമ്രയുടെ നേരിട്ട ആദ്യ പന്ത് തന്നെ വൈഭവ് സിക്സറിന് പറത്തിയിരുന്നു. പിന്നാലെ ബുംറക്കെതിരെ മറ്റൊരു സിക്സ് കൂടി വൈഭവ് നേടി.

മഴ വില്ലനായ മത്സരത്തിൽ 11 ഓവറിൽ 150 റൺസെന്ന പടുകൂറ്റൻ സ്കോറിലേക്ക് രാജസ്ഥാനെ നയിച്ചത് വൈഭവും യശസ്വി ജയ്‌സ്വാളും ചേർന്നുള്ള വെടിക്കെട്ട് കൂട്ടുകെട്ടായിരുന്നു. 11 ഓവറിൽ 151 റൺസ് പിന്തുടർന്ന മുംബൈക്ക് 123 റൺസെടുക്കാനേ സാധിച്ചുള്ളൂ. മത്സരശേഷം വൈഭവിനൊപ്പമുള്ള ഓപ്പണിംഗ് കൂട്ടുകെട്ടിനക്കുറിച്ച് ജയ്‌സ്വാൾ മനസ് തുറന്നു.

വൈഭവിനൊപ്പം ബാറ്റ് ചെയ്യുന്നത് അതിശയകരമായ ഒരു അനുഭവമാണ്. കാരണം ഞങ്ങൾ രണ്ടുപേരും ഒരേപോലെ ആക്രമിച്ച് കളിക്കാൻ ഇഷ്ടപ്പെടുന്നവരും അത് ആസ്വദിക്കുന്നവരുമാണ്. ഞങ്ങൾ ബാറ്റ് ചെയ്യുന്ന രീതിയിൽ, സാഹചര്യങ്ങൾ മനസ്സിലാക്കി പരസ്പരം പോസിറ്റീവായ സന്ദേശങ്ങൾ നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ബുംറയെപ്പോലൊരു ഇതിഹാസത്തെ നേരിടുമ്പോൾ വൈഭവിനുണ്ടായേക്കാവുന്ന സമ്മർദ്ദം ഞാൻ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ബുംറക്കെതിരെ വൈഭവിന്‍റെ ബാറ്റിംഗ് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ജയ്‌സ്വാൾ പറഞ്ഞു.തുടക്കത്തിലെ വൈഭവ് ആക്രമിച്ചു കളിച്ചതോടെ എന്‍റെ മേലുള്ള സമ്മർദ്ദം കുറഞ്ഞു. അതോടെ തനിക്ക് മറ്റ് ബൗളർമാരെ ലക്ഷ്യമിടാൻ കഴിഞ്ഞുവെന്നും ജയ്സ്വാള്‍ പറഞ്ഞു.

ബുംറ ഭായിയെ അവൻ ആദ്യ പന്തിൽ തന്നെ സിക്സർ അടിച്ചപ്പോൾ, നിന്‍റെ സ്വാഭാവിക ഷോട്ടുകൾ അതുപോലെ തന്നെ തുടർന്നും കളിക്കാനാണ് ഞാൻ അവനോട് പറഞ്ഞത്. കാരണം ബുംറ ഭായിയെപ്പോലൊരു ഇതിഹാസതാരത്തിനെതിരെ റൺസ് കണ്ടെത്താൻ കഴിയുന്നത് വലിയ കാര്യമാണ്. അതോടെ മറ്റ് ബൗളർമാരെയും നമുക്ക് അനായാസം നേരിടാൻ കഴിയുമെന്ന് അവനെ ബോധ്യപ്പെടുത്തി. അതുകൊണ്ട് തന്നെ മികച്ച ഷോട്ടുകൾ കളിച്ച് മുന്നേറാൻ അവന് സാധിച്ചത് നല്ല കാര്യമായെന്നും ജയ്സ്വാള്‍ പറഞ്ഞു.

Scroll to load tweet…

കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ സെഞ്ചുറി നേടി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറി ഉടമയായി മാറിയ താരമാണ് വൈഭവ്. ഇത്തവണ ബുംറയെ നേരിട്ടപ്പോഴും ആ മികവ് താരം ആവർത്തിച്ചു. വെറും 14 പന്തിൽ 39 റൺസാണ് വൈഭവ് മുംബൈക്കെതിരെ അടിച്ചുകൂട്ടിയത്. വൈഭവും ജയ്‌സ്വാളും (77*) ചേർന്ന് വെറും ആദ്യ അഞ്ചോവറില്‍ 80 റൺസാണ് ഓപ്പണിംഗ് വിക്കറ്റിൽ കൂട്ടിച്ചേര്‍ത്തത്. ഈ തകർപ്പൻ വിജയത്തോടെ കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ച് 6 പോയിന്‍റുമായി രാജസ്ഥാൻ റോയൽസ് പട്ടികയിൽ ഒന്നാമതെത്തി. ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ 170 റൺസുമായി ജയ്‌സ്വാൾ ഒന്നാമതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക