ഫസ്റ്റ് ക്ലാസ് കരിയറില്‍ 14 സെഞ്ചുറികളും 33 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 33.97 ശരാശരിയില്‍ 6795 റണ്‍സ് നേടിയിട്ടുള്ള ജലജ് സക്സേന 400ലേറെ വിക്കറ്റുകളും സ്വന്തമാക്കി.
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി കേരള താരം ജലജ് സക്സേന. രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന രഞ്ജി ട്രോഫിയില്‍ 400 വിക്കറ്റും 6000 റണ്‍സും തികയ്ക്കുന്ന ആദ്യ താരമായി. ഇന്ത്യൻ കുപ്പായത്തില്‍ ഇതുവരെ അവസരം ലഭിക്കാതിരുന്ന 37കാരനായ ജലജ് സക്സേന ആഭ്യന്തര ക്രിക്കറ്റില്‍ വര്‍ഷങ്ങളായി കേരളത്തിന്‍റെ വിശ്വസ്തനാണ്. ഉത്തര്‍പ്രദേശിനെതിരായ മത്സരത്തില്‍ നിതീഷ് റാണയെ പുറത്താക്കിയാണ് ജലജ് സക്സേന 400 വിക്കറ്റ് തികച്ചത്.
രഞ്ജി ട്രോഫി ചരിത്രത്തില്‍ 400 വിക്കറ്റ് തികയ്ക്കുന്ന പതിമൂന്നാമത്തെ മാത്രം താരം കൂടിയാണ് ജലജ് സക്സേന. 2005ൽ മധ്യപ്രദേശിന്‍റെ താരമായി ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ജലജ് സക്സേന ഒരു പതിറ്റാണ്ട് കാലം മധ്യപ്രദേശിനായി കളിച്ചശേഷമാണ് 2016-17 സീസണില്‍ കേരളത്തിനായി കളിക്കാന്‍ തുടങ്ങിയത്.ജലജിന്‍റെ നേട്ടത്തിന് പിന്നാലെ മുന്‍ ഇന്ത്യൻ താരം റോബിന്‍ ഉത്തപ്പ എക്സ് പോസ്റ്റില്‍ കുറിച്ചത്, മഹാന്‍മാരായ ചില താരങ്ങള്‍ക്ക് ഇന്ത്യൻ ജേഴ്സി അണിയാൻ കഴിഞ്ഞിട്ടില്ല,പക്ഷെ അതുകൊണ്ട് അവരുടെ മഹത്വം ഇല്ലാതാവുന്നില്ല എന്നായിരുന്നു.
ഫസ്റ്റ് ക്ലാസ് കരിയറില്‍ 14 സെഞ്ചുറികളും 33 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 33.97 ശരാശരിയില്‍ 6795 റണ്‍സ് നേടിയിട്ടുള്ള ജലജ് സക്സേനയുടെ 400ലേറെ വിക്കറ്റുകളും സ്വന്തമാക്കി.ഇന്ന് ഉത്തര്‍പ്രദേശിനെതിരെ തിരുവനന്തപുരം തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന ഈ ഗ്രൗണ്ടില്‍ മാത്രം 13 തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തിട്ടണ്ട്. ഉത്തര്‍പ്രദേശിനെതിരായ മത്സരത്തിന് മുമ്പ് ജലജ് സക്സേനക്ക് കടുത്ത പനിയായിരുന്നതിനാല്‍ കളിക്കാനാകുമോ എന്ന് ആശങ്കയുയര്‍ന്നിരുന്നു.
തുടര്‍ന്ന് ജലജ് സക്സേനയുടെ ബാക്ക് അപ്പായി വൈശാഖ് ചന്ദ്രനെ കേരളം ടീമിലുള്‍പ്പെടുത്തിയെങ്കിലും നിര്‍ണായക മത്സരത്തില്‍ കേരളത്തിന്‍റെ രക്ഷകനായി വീണ്ടും ജലജ് ഗ്രൗണ്ടിലിറങ്ങി.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 29-ാമത് അഞ്ച് വിക്കറ്റ് നേട്ടമാണ് ഉത്തര്‍പ്രദേശിനെതിരെ ജലജ് സ്വന്തമാക്കിയത്. വിവിധ ഫോര്‍മാറ്റുകളിലായി ആഭ്യന്ത ക്രിക്കറ്റില്‍ 9000 റണ്‍സും 600 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുള്ള ജലജ് സക്സേന ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മാത്രം താരവുമാണ്.
