മാഞ്ചസ്റ്റര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്. പാക്കിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക് നായകന്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ കൈകളിലെത്തിച്ചാണ് ആന്‍ഡേഴ്സണ്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. 156 ടെസ്റ്റുകളില്‍ നിന്നാണ് ആന്‍ഡേഴ്സണ്‍ 600 വിക്കറ്റ് നേട്ടത്തിലെത്തിയത്.

വെസ്റ്റ് ഇന്‍ഡീസിനെതിരെയും പാക്കിസ്ഥാനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും കാര്യമായി തിളങ്ങാന്‍ കഴിയാതിരുന്ന 38കാരനായ ആന്‍ഡേഴ്സണ്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ പാക്കിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി 38-ാം വയസിലും ബൗളിംഗി്റെ മുനയും മൂർച്ചയും നഷ്ടമായിട്ടില്ലെന്ന് ആന്‍ഡേഴ്സണ്‍ ഒരിക്കല്‍ കൂടി തെളിയിച്ചു.

മഴ മൂലം വൈകി തുടങ്ങിയ അവസാന ദിവത്തെ കളിയില്‍ തന്റെ മൂന്നാം ഓവറിലെ രണ്ടാം പന്തിലാണ് ആന്‍ഡേഴ്സണ്‍ 600 വിക്കറ്റെന്ന നാഴികക്കല്ല് പിന്നിട്ടത്. മുത്തയ്യ മുരളീധരനുശേഷം(33711  പന്തുകള്‍) ഏറ്റവും കുറഞ്ഞ പന്തുകളില്‍ (33717 പന്തുകള്‍) ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ബൗളറാണ് ആന്‍ഡേഴ്സണ്‍.

ഗ്ലെൻ മഗ്രാത്തിന്റെ (563 വിക്കറ്റ്) റെക്കോര്‍ഡ് തിരുത്തി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന പേസറെന്ന നേട്ടം ആന്‍ഡേഴ്സണ്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ 600  പിന്നിടുന്ന ആദ്യ പേസറെന്ന നേട്ടവും ആന്‍ഡേഴ്സന്റെ പേരിലായി. 38ാം വയസിലും ഇരുപതുകാരന്റെ ചുറുചുറുക്കോടെ പന്തെറിയുന്ന ആന്‍ഡേഴ്സണ്‍ താന്‍ ഉടനൊന്നും വിരമിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

2003ല്‍ സിംബാബ്‌വെക്കെതിരെ ടെസ്റ്റില്‍ അരങ്ങേറിയ ആന്‍ഡേഴ്സണ്‍ 17 വർഷം നീണ്ട കരിയറിനൊടുവിലാണ് ചരിത്രനേട്ടത്തിലെത്തിയത്. 2003ല്‍ അരങ്ങേറിയെങ്കിലും 2007വരെ ഇംഗ്ലണ്ട് ടീമില്‍ സ്ഥിരസാന്നിധ്യമാവാന്‍ ആന്‍ഡേഴ്സണ് കഴിഞ്ഞിരുന്നില്ല. ഇതിനിടെ 2003ലെ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ പുറത്തെടുത്ത പ്രകടനം ആന്‍ഡേഴ്സന്റെ വരവറയിക്കുന്നതായിരുന്നെങ്കിലും ഇംഗ്ലണ്ട് ടീമിലെ പതിവുകാരനാവാന്‍ പിന്നെയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. എന്നാല്‍ 2007നുശേഷം സ്വിംഗ് കിംഗായി അരങ്ങുവാണ ആന്‍ഡേഴ്സണ് പിന്നീട് ഇംഗ്ലണ്ട് ടീമില്‍ എതിരാളികളെ ഇല്ലായിരുന്നു. ബൗളിംഗ് പങ്കാളിയായി സ്റ്റുവര്‍ട്ട് ബ്രോഡ് കൂടി എത്തിയതോടെ ഏത് ടീമും പേടിക്കുന്ന ബൗളിംഗ് സഖ്യമായി അത് മാറി.  

ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാർ

താരം കാലം മത്സരം ഇന്നിംഗ്സ് വിക്കറ്റ് എന്ന ക്രമത്തില്‍

മുത്തയ്യ മുരളീധരൻ 1992-2010 -133 -230-800

ഷെയ്ൻ വോൺ 1992-2007-145 -273 -708

അനിൽ കുംബ്ലെ 1990-2008 -132- 236 -619

ആൻഡേഴ്‌സൻ 2003-2020-20- 156- 291- 600

മഗ്രാത്ത് 1993-2007- 124 -243- 563

കോട്‌നി വാൽഷ് 1984-2001 132 242 519

സ്റ്റുവര്‍ട്ട് ബ്രോഡ്-2007-2020-143-263-514