നീഷാം 11 പന്തിനിടെ നാല് സിക്‌സും ഒരു ഫോറും പറത്തി. 48-ാം ഓവറിലെ ആദ്യ പന്തില്‍ പുരാനെ സിക്‌സര്‍ പറത്തിയായിരുന്നു നീഷാമിന്‍റെ വിജയാഘോഷം.
ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ മൂന്നാം ഏകദിനത്തില്‍ റണ്‍മല ചാടിക്കടന്ന് ന്യൂസിലന്‍ഡിന് അഞ്ച് വിക്കറ്റ് ജയവും പരമ്പരയും. വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ടുവെച്ച 302 റണ്‍സ് വിജയലക്ഷ്യം 47.1 ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ ന്യൂസിലന്‍ഡ് നേടുകയായിരുന്നു. മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍, ദേവോണ്‍ കോണ്‍വെ, ടോം ലാഥം, ഡാരില്‍ മിച്ചല്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളും ജിമ്മി നീഷാമിന്‍റെ വെടിക്കെട്ട് ഫിനിഷിംഗുമാണ് കിവികള്‍ക്ക് ജയമൊരുക്കിയത്. ജയത്തോടെ പരമ്പര 2-1ന് ന്യൂസിലന്‍ഡ് സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസില്‍ ഇതാദ്യമായാണ് ന്യൂസിലന്‍ഡ് പുരുഷ ടീം ഏകദിന പരമ്പര സ്വന്തമാക്കുന്നത്.
നേരത്തെ ആദ്യ ഏകദിനം അഞ്ച് വിക്കറ്റിന് വിന്‍ഡീസ് ജയിച്ചപ്പോള്‍ പരമ്പരയിലെ രണ്ടാം മത്സരം മഴനിയമപ്രകാരം 50 റണ്‍സിന് സ്വന്തമാക്കി ന്യൂസിലന്‍ഡ് ഒപ്പമെത്തിയിരുന്നു.
302 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ ഓപ്പണര്‍ ഫിന്‍ അലനെ മൂന്നില്‍ നഷ്‌ടമായെങ്കിലും 64 പന്തില്‍ 57 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലും 63 പന്തില്‍ 56 റണ്‍സെടുത്ത ദേവോണ്‍ കോണ്‍വേയും ന്യൂസിലന്‍ഡിനെ കരകയറ്റി. ഇരുവരും പുറത്തായ ശേഷം ചുവടുറപ്പിച്ച് കളിച്ച നായകന്‍ ടോം ലാഥമും ഡാരില്‍ മിച്ചലും കിവീസിന് പ്രതീക്ഷ സമ്മാനിച്ചു. ലാഥം 75 പന്തില്‍ 69ഉം ഡാരില്‍ 49 പന്തില്‍ 63ഉം റണ്‍സെടുത്ത് പുറത്തായെങ്കിലും ജയത്തെ ബാധിച്ചില്ല. അവസാനം വെടിക്കെട്ടുമായി ജിമ്മി നീഷാമും(11 പന്തില്‍ 34) മൈക്കല്‍ ബ്രേസ്‌വെല്ലും(15 പന്തില്‍ 14) ജയം ന്യൂസിലന്‍ഡിന്‍റേതാക്കി. നീഷാം 11 പന്തിനിടെ നാല് സിക്‌സും ഒരു ഫോറും പറത്തി. 48-ാം ഓവറിലെ ആദ്യ പന്തില്‍ പുരാനെ സിക്‌സര്‍ പറത്തിയായിരുന്നു നീഷാമിന്‍റെ വിജയാഘോഷം. ജേസന്‍ ഹോള്‍ഡറും യാന്നിക് കാരിയും രണ്ട് വീതം വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 301 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു. കെയ്‌ല്‍ മെയേര്‍സിന്‍റെ സെഞ്ചുറിക്കൊപ്പം നായകന്‍ നിക്കോളാസ് പുരാന്‍റെ ബാറ്റിംഗ് വെടിക്കെട്ടാണ് വിന്‍ഡീസിന് തുണയായത്. മെയേര്‍സ് 110 പന്തില്‍ 105 റണ്‍സും സഹ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഷായ് ഹോപ് 100 പന്തില്‍ 51 റണ്‍സും നേടി. മൂന്നാമനായി ക്രീസിലെത്തിയ പുരാന്‍ അഴിഞ്ഞാടുകയായിരുന്നു. 55 പന്തില്‍ നാല് ഫോറും 9 സിക്‌സുകളും ഉള്‍പ്പടെ പുരാന്‍ 91 റണ്‍സെടുത്തു. വാലറ്റത്ത് 6 പന്തില്‍ 20 റണ്‍സെടുത്ത അല്‍സാരി ജോസഫും നിര്‍ണായകമായി. കിവികള്‍ക്കായി ട്രെന്‍ഡ് ബോള്‍ട്ട് മൂന്നും മിച്ചല്‍ സാന്‍റ്‌നര്‍ രണ്ടും ടിം സൗത്തിയും ലോക്കീ ഫെര്‍ഗൂസനും ജിമ്മി നീഷാമും ഓരോ വിക്കറ്റും നേടി.
ബാബര്‍ അസമിന്‍റെ റണ്‍വേട്ട തുടരുന്നു, അംലയുടെ റെക്കോര്‍ഡ് തകര്‍ന്നു; ഏകദിനത്തില്‍ പുതു ചരിത്രം
