റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഓദ്യോഗിക വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഓവര്‍ടണ്‍ ഇനി ടെസ്റ്റില്‍ ഇംഗ്ലണ്ടിനായും കൗണ്ടി ചാമ്പ്യൻഷിപ്പില്‍ സറേക്കായും കളിക്കാനിറങ്ങില്ലെന്നാണ് കരുതുന്നത്.

ലണ്ടൻ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ മാത്രം കളിച്ച ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ജാമി ഓവര്‍ടണ്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് അനിശ്ചിതകാല ഇടവേളയെടുക്കുകയാണെന്ന് പ്രഖ്യാപിച്ചു.2022ല്‍ ഇംഗ്ലണ്ടിനായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഓവര്‍ടണ്‍ കരിയറില്‍ ആകെ രണ്ട് ടെസ്റ്റുകളില്‍ മാത്രമാണ് ഇതുവരെ കളിച്ചത്. ഇന്ത്യക്കെതിരായ ഓവല്‍ ടെസ്റ്റായിരുന്നു ഓവര്‍ടണിന്‍റെ കരിയറിലെ രണ്ടാം ടെസ്റ്റ്. ഇന്ത്യക്കെതിരായ ഓവല്‍ ടെസ്റ്റില്‍ രണ്ട് വിക്കറ്റ് മാത്രം വീഴ്ത്തിയ ഓവര്‍ടണ് ഒമ്പത് റൺസെ നേടാനായിരുന്നുള്ളു.നവംബറില്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമില്‍ കളിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഓവര്‍ടണ്‍ പിന്‍മാറിയത്.

2012ല്‍ സറേക്കായി ഫസ്റ്റ് ക്ലാസ് കരിയര്‍ തുടങ്ങിയ 31കാരനായ ഓവര്‍ടണ്‍ 99 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും 13 അര്‍ധസെഞ്ചുറിയും അടക്കം 21.51 ശരാശരിയില്‍ 2410 റണ്‍സും 239 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഏറെനാളത്തെ ആലോചനക്ക് ശേഷമാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കാന്‍ തീരുമാനിച്ചതെന്നും 99 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും ഇംഗ്ലണ്ടിനായി രണ്ട് ടെസ്റ്റിലും കളിക്കാനായത് ഭാഗ്യമായി കരുതുന്നുവെന്നും ഓവര്‍ടണ്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.

മുന്നോട്ടുള്ള യാത്രയില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിന് ആയിരിക്കും താന്‍ പ്രാമുഖ്യം നല്‍കുകയെന്നും ഓവര്‍ടണ്‍ വ്യക്തമാക്കി. റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഓദ്യോഗിക വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഓവര്‍ടണ്‍ ഇനി ടെസ്റ്റില്‍ ഇംഗ്ലണ്ടിനായും കൗണ്ടി ചാമ്പ്യൻഷിപ്പില്‍ സറേക്കായും കളിക്കാനിറങ്ങില്ലെന്നാണ് കരുതുന്നത്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായാണ് ഓവര്‍ടണ്‍ റെഡ് ബോള്‍ ക്രിക്കറ്റ് മതിയാക്കുന്നത് എന്നും സൂചനയുണ്ട്. കഴിഞ്ഞ ഐപില് താരലേലത്തില്‍ 1.5 കോടി രൂപ നല്‍കി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓവര്‍ടണെ ടീമിലെത്തിച്ചിരുന്നു.

ഇന്ത്യ ആറ് റണ്‍സിന് ജയിച്ച ഓവല്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ അവസാന ദിനം രണ്ട് ബൗണ്ടറി അടിച്ച് 7 പന്തില്‍ 9 റണ്‍സെടുത്തെങ്കിലും സിറാജിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താവുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക