പാകിസ്ഥാന്‍ ടെസ്റ്റ് ടീം മുന്‍ കോച്ച് ജേസണ്‍ ഗില്ലസ്പി, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനും ചീഫ് സെലക്ടര്‍ ആഖിബ് ജാവേദിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. പാകിസ്ഥാനിലെ പരിശീലന കാലം മാനസികമായി തളര്‍ത്തിയെന്നും, ആഖിബ് ജാവേദ് തന്നെ അവഗണിച്ചുവെന്നും, ബോര്‍ഡ് വലിയൊരു തുക നല്‍കാനുണ്ടെന്നും ഗില്ലസ്പി വെളിപ്പെടുത്തി.

സിഡ്‌നി: പാകിസ്ഥാന്‍ ടെസ്റ്റ് ടീം മുന്‍ കോച്ചും ഓസ്‌ട്രേലിയന്‍ താരവുമായിരുന്നു ജേസണ്‍ ഗില്ലസ്പി, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനും ചീഫ് സെലക്ടര്‍ ആഖിബ് ജാവേദിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. പാകിസ്ഥാനിലെ പരിശീലന അനുഭവം തന്നെ മാനസികമായി തളര്‍ത്തിയെന്നും തനിക്ക് ലഭിക്കേണ്ട വലിയൊരു തുക ബോര്‍ഡ് ഇതുവരെ നല്‍കാനുണ്ടെന്നും 'ദി ടെലിഗ്രാഫിന്' നല്‍കിയ അഭിമുഖത്തില്‍ ഗില്ലസ്പി വെളിപ്പെടുത്തി. ആഖിബ് ജാവേദ് ചീഫ് സെലക്ടറായി ചുമതലയേറ്റതോടെ പാകിസ്ഥാന്‍ ക്രിക്കറ്റിലെ തന്റെ അവസ്ഥ പൂര്‍ണമായി മാറിയെന്ന് ഗില്ലസ്പി പറഞ്ഞു.

താന്‍ കൈകാര്യം ചെയ്തിരുന്ന പല കാര്യങ്ങളിലും ആഖിബ് ജാവേദ് ഇടപെടുകയും തന്നെ പൂര്‍ണമായി അവഗണിക്കുകയുമായിരുന്നു. ടീം സെലക്ഷനിലും സപ്പോര്‍ട്ട് സ്റ്റാഫിന്റെ കാര്യങ്ങളിലും തനിക്ക് യാതൊരു അധികാരവുമില്ലാത്ത അവസ്ഥ വന്നു. പാക് ബോര്‍ഡിലെ അനുഭവങ്ങള്‍ തന്നെ മാനസികമായി തളര്‍ത്തിയെന്നും കോച്ചിംഗില്‍ തുടരണമോ എന്ന് പോലും ചിന്തിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ലഭിക്കേണ്ട ആയിരക്കണക്കിന് ഡോളര്‍ വേതനം പിസിബി ഇതുവരെ നല്‍കിയിട്ടില്ല. എന്നാല്‍ സ്വന്തം അന്തസ് പണയപ്പെടുത്തി എന്തുറപ്പും നല്‍കുന്ന ഒരു 'യസ്-മാന്‍' ആകാന്‍ താന്‍ തയ്യാറല്ലായിരുന്നുവെന്നും ഗില്ലസ്പി വ്യക്തമാക്കി.

''ആഖിബ് ജാവേദില്‍ നിന്നും തനിക്ക് കടുത്ത അവഗണനയും അപമാനവുമാണ് നേരിടേണ്ടി വന്നത്. ബോര്‍ഡിന്റെയും ചെയര്‍മാന്റെയും പിന്തുണയുള്ളതുകൊണ്ട് ആഖിബ് ജാവേദ് അധികാരത്തോടെയാണ് പെരുമാറിയത്. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.'' ഗില്ലസ്പി വെളിപ്പെടുത്തി.

പാകിസ്ഥാന്‍ ക്രിക്കറ്റ് ഇപ്പോള്‍ വലിയൊരു അലങ്കോലാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ആഖിബ് ജാവേദ് തുടരുന്നിടത്തോളം കാലം പാക് ക്രിക്കറ്റ് മുന്നോട്ട് പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരിയായ രീതിയില്‍ കോച്ചിന് സ്വാതന്ത്ര്യം നല്‍കുകയും, ക്യാപ്റ്റനെ തിരഞ്ഞെടുക്കാന്‍ അനുവദിക്കുകയും ചെയ്താല്‍ മാത്രമേ പാക് ക്രിക്കറ്റിനെ വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കൂ എന്നും ഗില്ലസ്പി അഭിപ്രായപ്പെട്ടു.

YouTube video player