ഏഷ്യാ കപ്പിനും ഏകദിന ലോകകപ്പിനും മുമ്പ് അയര്‍ലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പരയിലൂടെ ജസ്‌‌പ്രീത് ബുമ്ര ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരും എന്നുറപ്പായി

ബെംഗളൂരു: അയര്‍ലന്‍ഡ് പര്യടനത്തിന് മുമ്പ് 100 ശതമാനം ഫിറ്റ്നസ് വീണ്ടെടുത്ത് ഇന്ത്യന്‍ സ്റ്റാര്‍ ജസ്‌പ്രീത് ബുമ്ര. നെറ്റ്‌സില്‍ പൂര്‍ണ തോതില്‍ ബൗളിംഗ് ആരംഭിച്ചിരുന്ന ബുമ്ര ആലുര്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്‍ട്രാ- സ്‌ക്വാഡ് മത്സരത്തില്‍ മുംബൈ ബാറ്റര്‍മാര്‍ക്കെതിരെ 10 ഓവറും പന്തെറിഞ്ഞു. മത്സരത്തില്‍ ഒരു വിക്കറ്റും താരം നേടി. ഓപ്പണര്‍ ആന്‍ക്രിഷ് രഘുവന്‍ശിയുടെ വിക്കറ്റാണ് ബുമ്ര നേടിയത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരും മുമ്പ് ബുമ്ര പരിശീലന മത്സരങ്ങള്‍ കളിക്കുമെന്ന് നേരത്തെ ഉറപ്പായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് ബുമ്ര പരിശീലന മത്സരത്തിലാണെങ്കിലും തന്‍റെ ഫുള്‍ ക്വാട്ട പന്ത് എറിയുന്നത്. പരിക്കിന്‍റെ പിടിയിലായിരുന്ന പ്രസിദ്ധ് കൃഷ്‌ണയും മത്സരത്തില്‍ പന്തെറിഞ്ഞ് ഒരു വിക്കറ്റ് നേടി.

ഇതോടെ ഏഷ്യാ കപ്പിനും ഏകദിന ലോകകപ്പിനും മുമ്പ് അയര്‍ലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പരയിലൂടെ ജസ്‌‌പ്രീത് ബുമ്ര ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരും എന്നുറപ്പായി. ബുമ്ര അയര്‍ലന്‍ഡ് പര്യടനത്തിലുണ്ടാവും എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ സ്ഥിരീകരിച്ചിരുന്നു. അയര്‍ലന്‍ഡിനെതിരെ മൂന്ന് ട്വന്‍റി 20യിലാണ് ഇന്ത്യ കളിക്കുക. ശസ്ത്രക്രിയക്ക് ശേഷം ബെംഗളൂരിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിലായിരുന്നു ബുമ്ര. ബുമ്രയ്‌ക്കൊപ്പം ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, പ്രസിദ്ധ് കൃഷ്ണ, റിഷഭ് പന്ത് എന്നിവരും എന്‍സിഎയില്‍ പരിശീലനത്തിലുണ്ട്.

ഒരു വര്‍ഷത്തോളമായി ഇന്ത്യന്‍ ടീമിന് പുറത്താണ് ജസ്‌പ്രീത് ബുമ്ര. 2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് ശേഷമാണ് പുറംവേദന ബുമ്ര റിപ്പോര്‍ട്ട് ചെയ്‌തത്. 2019ല്‍ സംഭവിച്ച പരിക്കിന്‍റെ തുടര്‍ച്ചയായിരുന്നു ഇത്. ഇതിന് ശേഷം വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയും ഏഷ്യാ കപ്പും നഷ്‌ടമായ താരം ട്വന്‍റി 20 ലോകകപ്പിന് മുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയിലൂടെ തിരിച്ചുവന്നെങ്കിലും രണ്ട് ടി20കളിലായി ആറ് ഓവറെ എറിയാനായുള്ളൂ. ഇതിന് ശേഷം ടി20 ലോകകപ്പും ന്യൂസിലന്‍ഡ് പര്യടനവും ബംഗ്ലാദേശ് പര്യടനവും ശ്രീലങ്കയ്‌ക്ക് എതിരായ ഏകദിനങ്ങളും ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയും ഐപിഎല്‍ 2023 ഉം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും വിന്‍ഡീസ് പര്യടനവും നഷ്‌ടമായി.

Read more: മികച്ച തുടക്കം നല്‍കിയ ശേഷം രോഹന്‍ കുന്നുമ്മല്‍ മടങ്ങി! ഈസ്റ്റ് സോണിനെതിരെ സൗത്ത് സോണിന് വിജയപ്രതീക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം